തിരുവനന്തപുരം : എന്‍ഐഎ കസ്റ്റഡിയിലുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാനും മലയാളിയുമായ ഓവുങ്കല്‍ മുഹമ്മദ് അബ്‌ദുൽ സലാമിനെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെഎസ്ഇബി) സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. മലപ്പുറം മഞ്ചേരി കെഎസ്ഇബി റീജിയണല്‍ ഓഫിസില്‍ സീനിയര്‍ ഓഡിറ്റ് ഓഫിസര്‍ തസ്‌തികയില്‍ നിന്നാണ് ഇയാളെ പിരിച്ചുവിട്ടത്. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയതിനും സര്‍വീസ് ചട്ടം ലംഘിച്ചതിനും 2020 ഡിസംബര്‍ 14 മുതൽ സലാം സസ്‌പെന്‍ഷനിലായിരുന്നു. സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി ഈ വര്‍ഷം ഓഗസ്റ്റില്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതിനെതിരെ സലാം ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. തുടർന്ന് സെപ്‌റ്റംബര്‍ 30ന് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.