തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയത് സി പി എം നേതാക്കളുടെ അറിവോടെയെന്ന കേസിലെ മുഖ്യ പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ ഒരു പുതുമയുമില്ലെന്ന് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ. ഇത് ജനങ്ങൾക്കെല്ലാം അറിയാം. ഇപ്പോൾ ഇക്കാര്യം അദ്ദേഹം ഏറ്റു പറയുന്നു എന്ന പുതുമയേ ഉള്ളു.
50ലേറെ കോൺഗ്രസുകാരെ വെട്ടിനുറുക്കി കൊലപ്പെടുത്തിയതിന് പിന്നിൽ സി പി എമ്മിൻ്റെ നയവും പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൻമാരുടെ ആശീർവാദവും ഉണ്ട്. ഇത് സി പി എം നേരിട്ട് നടത്തിയ കൊലപാതകമാണെന്ന് ആദ്യം മുതൽ ജനങ്ങൾക്ക് മുന്നിൽ തുറന്നുപറയുന്നത് കോൺഗ്രസാണ്. നീതി കിട്ടണം എന്നാവശ്യപ്പെട്ട് ഷുഹൈബിൻ്റെ ഉമ്മയും ബാപ്പയും സർക്കാരിൻ്റെ കാല് പിടിച്ചിട്ട് പോലും നീതി കിട്ടിയില്ല.
സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ 2 കോടി രൂപ ഫീസ് നൽകി ഹൈക്കോടതിയിൽ അഭിഭാഷകരെ കൊണ്ടുവന്ന് എതിർത്തവരാണിവർ. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ നേതാക്കളായാലും ഗുണ്ടകളായാലും കുടുംബത്തിന് നീതി കിട്ടും വരെ കണ്ണൂരിലെ കോൺഗ്രസ് പോരാടുക തന്നെ ചെയ്യുമെന്ന് സുധാകരൻ വ്യക്തമാക്കി.
Also Read:'ശിഷ്യനു പുറകേ ആശാനും അകത്തു പോകും', മുഖ്യമന്ത്രിയെ പരിഹസിച്ച് കെ സുധാകരന്‍