തിരുവനന്തപുരം : കെപിസിസി നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. മുതിര്‍ന്ന നേതാക്കള്‍ ലോക്‌സഭ -നിയമസഭ സ്ഥാനാര്‍ഥിത്വ ചര്‍ച്ചകള്‍ തുടങ്ങിവച്ചതിനിടെയാണ് യോഗം. ശശി തരൂരിന്‍റെ സംസ്ഥാനത്തെ ഇടപെടലുകളും പ്രസ്‌താവനകളും സൃഷ്ടിച്ച വിവാദങ്ങളും സിറ്റിങ് എംപിമാര്‍ ഉള്‍പ്പടെ നിയമസഭയിലേക്ക് മത്സരിക്കാന്‍ താൽപര്യം പ്രകടിപ്പിച്ചതും യോഗത്തില്‍ ചര്‍ച്ചയാകും.
കെപിസിസി പുനഃസംഘടന വൈകുന്നതില്‍ നേതൃത്വത്തിന് എതിരെ വിമര്‍ശനം ഉണ്ടായേക്കും. ബൂത്ത് തലം മുതലുള്ള പുനഃസംഘടനയാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരാനുള്ള ആഗ്രഹവുമായി കോണ്‍ഗ്രസ് എംപിമാരായ ടിഎന്‍ പ്രതാപനും തരൂരും രംഗത്ത് എത്തിയിരുന്നു.
ജനങ്ങളെ സേവിക്കാന്‍ ഇഷ്‌ടം നിയമസഭ അംഗത്വമാണെന്നും ലോക്‌സഭയിലേക്ക് ഇനിയില്ലെന്നുമാണ് തൃശൂര്‍ എംപി ടിഎന്‍ പ്രതാപന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം എംപിമാര്‍ പരസ്യമായി പ്രകടിപ്പിച്ചതോടെ നേതൃത്വം പരുങ്ങലിലായിട്ടുണ്ട്. സിറ്റിങ് എംപിമാരില്‍ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കാമെന്ന് ശശി തരൂര്‍ തുറന്നുപറഞ്ഞുകഴിഞ്ഞു.
എന്നാല്‍ സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ പ്രതികരണം. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന തോല്‍വി, നിയമസഭയില്‍ മത്സരിച്ച് സര്‍ക്കാരിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ, ഇങ്ങനെയുള്ള കാരണങ്ങളാണ് സിറ്റിങ് എംപിമാരില്‍ പലരുടെയും മനംമാറ്റത്തിന് കാരണം.
ഭാരത് ജോഡോ യാത്രയുടെ അനുബന്ധ പ്രവര്‍ത്തനങ്ങളും കെപിസിസി ട്രഷറര്‍ പ്രതാപ ചന്ദ്രന്‍റെ മരണത്തെ തുടര്‍ന്ന് ബന്ധുക്കള്‍ ഇന്ദിര ഭവന്‍ കേന്ദ്രീകരിച്ചുള്ള ചിലര്‍ക്കെതിരെ പരാതി നല്‍കിയതും യോഗത്തില്‍ ചര്‍ച്ചയാകും.