തിരുവനന്തപുരം: അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ആലസ്യത്തിലാണ്ടു കിടക്കുന്ന അണികളെ തട്ടിയുണര്‍ത്താനുള്ള കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ കെപിസിസി സംഘടിപ്പിക്കുന്ന ദ്വിദിന ലീഡേഴ്‌സ് മീറ്റിന് ഇന്ന് വയനാട്ടില്‍ തുടക്കം. സമകാലിക രാഷ്ട്രീയ വിഷയങ്ങളും സംഘടനാ ദൗത്യങ്ങളും വിശദമായി ചര്‍ച്ച ചെയ്‌തുള്ള കര്‍മ്മ പദ്ധതി മീറ്റില്‍ തയ്യാറാക്കും.
ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പാര്‍ട്ടിയുടെ കര്‍മ്മ പരിപാടികളും രാഷ്ട്രീയ തന്ത്രങ്ങളും ഇതില്‍ ആവിഷ്‌കരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ അറിയിച്ചു. ആദ്യ ദിനം ആനുകാലിക സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്‌ത് വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ക്ക് രൂപം നല്‍കും.
നിലവിലുള്ള രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് ഏറെ അനുകൂലമായതിനാല്‍ അതിനെ പരമാവധി ഉപയോഗിച്ച് ജനങ്ങളിലേക്ക് കൂടുതല്‍ ആഴത്തിലും പരപ്പിലും എത്തുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കും. അഴിമതി ആരോപണങ്ങളില്‍ ആടിയുലയുന്ന പിണറായി സര്‍ക്കാരിനെതിരെ ജനരോഷം ആളിക്കത്തുന്ന സാഹചര്യമാണുള്ളത്.
എ ഐ കാമറ, കെ-ഫോണ്‍ തുടങ്ങിയ വലിയ അഴിമതിക്കള്‍ക്കെതിരെയും നികുതി രാജിനെതിരെയും അതിശക്തമായ പ്രക്ഷോഭ പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കും. സാമൂഹിക സംഘടനകളെ ഒളിഞ്ഞും തെളിഞ്ഞും സ്വാധീനിക്കാനും ദുരുപയോഗിക്കാനും സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന ശ്രമങ്ങളുടെ പൊള്ളത്തരം ജനങ്ങളിലേക്ക് എത്തിക്കുവാനും അവയെ പ്രതിരോധിക്കുവാനും ആവശ്യമായ നടപടികള്‍ ചര്‍ച്ച ചെയ്‌ത് രൂപം നല്‍കും.
സമൂഹത്തില്‍ വലിയ വിള്ളലുണ്ടാക്കുന്ന ഇത്തരം പൈശാചിക നീക്കങ്ങളെ അതിശക്തമായി എതിര്‍ക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടുക്കും. കോണ്‍ഗ്രസിന്‍റെ സംഘടനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ മാര്‍ഗ രേഖയുണ്ടാക്കും. പുനഃസംഘടന ഈ മാസം തന്നെ പൂര്‍ത്തിയാകുന്ന അവസ്ഥയിലേക്ക് പുരോഗമിച്ചിട്ടുണ്ട്.
പോഷക സംഘടനകള്‍, സെല്ലുകള്‍, ഡിപ്പാര്‍ട്ടുമെന്‍റുകള്‍ എന്നിവയ്ക്ക് വ്യക്തമായ പ്രവര്‍ത്തന പദ്ധതിക്ക് രൂപം നല്‍കും. ഒരു പ്രവര്‍ത്തന കലണ്ടറിനും സമ്മേളനം രൂപം നല്‍കും. രണ്ടാം ദിനം 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളും തയ്യാറെടുപ്പുകളും നടത്തുന്നതിനായി വിനിയോഗിക്കും.
സമ്മേളനത്തില്‍ കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്‍റുമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ ആകെ 91 പേര്‍ മാത്രാണ് ലീഡേഴ്‌സ് മീറ്റില്‍ സംബന്ധിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍ എം.പി, താരീഖ് അന്‍വര്‍, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാള്‍ എന്നിവരും യോഗത്തില്‍ സംബന്ധിക്കും.