തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങളില്‍ നീതി ലഭിക്കാത്തതില്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാനെത്തിയ ഇരകളായ രണ്ട് യുവതികള്‍ പ്രതിഷേധത്തില്‍. നേരില്‍ കാണാന്‍ സമയം അനുവദിച്ചില്ലെങ്കിലും മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ച് മാത്രമെ തിരികെ മടങ്ങുവെന്ന തീരുമാനത്തിലാണ് ഇരുവരും. ശസ്‌ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്ന് വച്ച സംഭവത്തിലെ ഹര്‍ഷിനയും ഐസിയുവില്‍ പീഡനത്തിന് ഇരയായ അതിജീവിതയുമാണ് മുഖ്യമന്ത്രിയെ കാണാനായി കാത്ത് നില്‍ക്കുന്നത്.
മുഖ്യമന്ത്രിയെ കാണാന്‍ ഇരുവരും തലസ്ഥാനത്തെത്തിയെങ്കിലും നേരില്‍ കാണാന്‍ സമയം അനുവദിച്ചിട്ടില്ല. അദ്ദേഹത്തെ നേരില്‍ കണ്ട് നീതി കിട്ടുമെന്ന് ഉറപ്പ് ലഭിക്കും വരെ പ്രതിഷേധം തുടരാനാണ് ഇരുവരുടെയും തീരുമാനം.
രണ്ട് പരാതിയും ആരോഗ്യ വകുപ്പിനെതിരെ: തലസ്ഥാനത്തെത്തിയ രണ്ട് യുവതികള്‍ക്കും ആരോഗ്യ വകുപ്പിനെതിരെയാണ് പരാതിയുള്ളത്. ഇരു കേസുകളിലും നീതി ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍ വാക്കുകള്‍ പാലിക്കപ്പെടാത്തതിന് പിന്നാലെയാണ് ഇരുവരും മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിക്കാന്‍ തലസ്ഥാനത്തെത്തിയത്.
കോഴിക്കോട് നിന്നും മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ തിരുവനന്തപുരത്ത് എത്തിയ ശേഷം ബന്ധപ്പെടാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇവിടെയെത്തിയ ശേഷം മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ 14 ദിവസം കഴിഞ്ഞ ശേഷമെ കാണാന്‍ കഴിയൂവെന്നാണ് പീഡനത്തിന് ഇരയായ യുവതിക്ക് ലഭിച്ച മറുപടി. രണ്ട് പേരും നേരത്തെയും പരാതി അറിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. എന്നാല്‍ കത്തിന് യാതൊരുവിധ മറുപടിയും ലഭിച്ചില്ല.
അനസ്‌തേഷ്യ മയക്കത്തിനിടെയുള്ള ക്രൂരത: ശസ്‌ത്രക്രിയയ്‌ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ വച്ചാണ് യുവതി പീഡനത്തിന് ഇരയായത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ആശുപത്രിയിലെ അറ്റന്‍ഡറായ ശശീന്ദ്രന്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ അറസ്റ്റിലായതിന് പിന്നാലെ ആശുപത്രി ജീവനക്കാരുടെ ഒരു സംഘം എത്തി യുവതിയോട് മൊഴി മാറ്റി പറയാന്‍ ആവശ്യപ്പെട്ടു.
മൊഴി മാറ്റാന്‍ ആവശ്യപ്പെട്ടവര്‍ക്കെതിരെയും യുവതി പരാതി നല്‍കി. അന്വേഷണ വിധേയമായി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും വകുപ്പ് തല അന്വേഷണത്തിന് ശേഷം ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. കേസില്‍ അറസ്റ്റിലായ പ്രതി ശശീന്ദ്രന്‍ ജാമ്യത്തിലാണ്. കേസില്‍ പരാതി നല്‍കിയിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ തലസ്ഥാനത്ത് എത്തിയത്.
കണ്ണില്ലാത്ത ക്രൂരതയ്‌ക്ക് നീതി തേടി ഹര്‍ഷിന: 2017ല്‍ പ്രസവ ശസ്‌ത്രക്രിയയ്‌ക്കിടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്ന് വച്ചത്. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം വേദന വിട്ടൊഴിയാതെ വന്നതോടെയാണ് സ്വകാര്യ ആശുപത്രിയിലെത്തിയ ഹര്‍ഷിന സിടി സ്‌കാനിങ്ങിന് വിധേയയായത്. ഇതോടെയാണ് മൂത്രസഞ്ചിയില്‍ കുത്തി നില്‍ക്കുന്ന നിലയില്‍ കത്രിക കണ്ടെത്തിയത്. എന്നാല്‍ കത്രിക മറന്ന് വച്ച സംഭവം തങ്ങളുടെ വീഴ്‌ചയല്ലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം. കേസില്‍ അന്വേഷണം നടത്തിയ പൊലീസിന്‍റെ കണ്ടെത്തല്‍ ഹര്‍ഷിനയുടെ ആരോപണം സാധൂകരിക്കുന്നതാണ്. സംഭവത്തില്‍ നിരവധി തവണ ഹര്‍ഷിന പ്രതിഷേധം നടത്തി. കേസില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നല്‍കിയതല്ലാതെ യാതൊന്നും പാലിക്കപ്പെട്ടില്ല. ഇതോടെ മെഡിക്കല്‍ കോളജിന് മുന്നില്‍ സമരം നടത്തിയ ഹര്‍ഷിനയെ പൊലീസെത്തി ബലം പ്രയോഗിച്ച് മാറ്റിയിരുന്നു. ഇതോടെയാണ് പ്രതിഷേധം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയത്. തനിക്കെതിരെയുണ്ടായ ക്രൂരതയില്‍ നീതി ലഭിക്കുമെന്ന് മുഖ്യമന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിച്ചാല്‍ മാത്രമെ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളൂവെന്ന തീരുമാനത്തിലാണ് ഹര്‍ഷിന.