തിരുവനന്തപുരം: ടേക്ക് ഓഫിനിടെയുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലിറക്കിയ കോഴിക്കോട് - ദമാം എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം തകരാർ പരിഹരിച്ച് ദമാമിലേക്ക് പുറപ്പെട്ടു. തകരാർ പരിഹരിച്ച വിമാനം വൈകിട്ട് 5.10നാണ് 176 യാത്രക്കാരും പുതിയ പൈലറ്റും ക്യാബിൻ ക്രൂ ജീവനക്കാരുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ദമാമിലേക്ക് പുറപ്പെട്ടത്. കോഴിക്കോട് കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 9.34 ന് ദമാമിലേക്ക് പുറപ്പെട്ട IX 385 നമ്പർ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് പറന്നുയരുന്നതിനിടെ പിൻവശം റൺവേയിൽ തട്ടിയതിനെ തുടർന്നുണ്ടായ ഹൈഡ്രോളിക് തകരാറിനെ മൂലം അടിയന്തരമായി തിരുവനന്തപുരത്ത് തിരിച്ചിറക്കിയത്.
സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തര ലാൻഡിങ്ങിന് അനുമതി തേടുകയും കോഴിക്കോട് തന്നെ ലാൻഡ് ചെയ്യാൻ തീരുമാനിച്ച് കോഴിക്കോട് വിമാനത്താവളത്തിന് ചുറ്റും ഏറെ നേരം വിമാനം പറന്നിരുന്നു. പിന്നീട് സുരക്ഷ കൂടിയ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ അനുമതി നൽകുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ 11.10നാണ് ലാൻഡിങ്ങിന് അനുമതി നൽകിയതെങ്കിലും പിന്നീട് 12.15ലേക്ക് മാറ്റുകയായിരുന്നു.
കൃത്യം 12.15 തന്നെ വിമാനം സുരക്ഷിതമായി തിരുവനന്തപുരത്ത് ലാൻഡ് ചെയ്‌തു. കോഴിക്കോട് നിന്ന് പറന്നുയർന്ന വിമാനം ആശങ്ക ഉയർത്തി രണ്ടര മണിക്കൂറിന് ശേഷമാണ് സുരക്ഷിതമായി പറന്നിറങ്ങിയത്. വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുമ്പോൾ അപകടമുണ്ടാകാൻ സാധ്യതയുണ്ടായിരുന്നതിനാൽ വിമാനത്തിലെ ഇന്ധനം തീര്‍ക്കാൻ വേണ്ടി ലാൻഡിങ്ങിന് മുമ്പ് വിമാനത്താവളത്തിനും കടലിനും മുകളിലായി വിമാനം വട്ടമിട്ട് പറന്നു.
എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാൻ ഫയർഫോഴ്‌സ്, പൊലീസ് അടക്കമുള്ള സര്‍വ സന്നാഹങ്ങളും വിമാനത്താവള അധികൃതര്‍ ഒരുക്കിയിരുന്നു. സുരക്ഷിത ലാൻഡിങ്ങിന് ശേഷം യാത്രക്കാർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും എയർ ഇന്ത്യ അധികൃതർക്ക് സജ്ജമാക്കിയിരുന്നു. തുടര്‍ന്ന് വിമാനത്തിന്‍റെ സാങ്കേതിക തകരാറുകൾ പൂർണമായും പരിഹരിച്ചതിന് ശേഷമാണ് വിമാനം കൃത്യം 5.10ന് ദമാമിലേക്ക് പുറപ്പെട്ടത്.
എമർജൻസി ലാൻഡിങ്ങിനെ സംബന്ധിച്ച വിവരം ലഭിച്ച ഉടൻ തന്നെ എയറോഡ്രോം എമർജൻസി റെസ്‌പോൺസ് പ്ലാൻ(എ ഇ ആർ പി) അനുസരിച്ചുള്ള എല്ലാ നടപടികളും വിമാനത്തിന്‍റെ സുരക്ഷിത ലാൻഡിങ്ങിനായി സ്വീകരിച്ചതായി തിരുവനന്തപുരം വിമാനത്താവള അധികൃതർ അറിയിച്ചു. രാവിലെ 11.36 ന് വിമാനത്താവളത്തിനുള്ളിൽ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പൊലീസ്, ഫയർ ഫോഴ്‌സ് ആശുപത്രികൾ എന്നിവിടങ്ങളിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഗേറ്റ് 11 ൽ ഉച്ചയ്ക്ക് 12.03 ഓടെ ഇവരെല്ലാം സജ്ജമായി.
പ്രത്യേകം നിശ്ചയിച്ച റൺവേയുടെ മൂന്നിടങ്ങളിൽ അഗ്നിബാധ തടയുന്നതിനുള്ള മൂന്ന് വാഹനങ്ങൾ വിന്യസിച്ചു. 12.15 ന് വിമാനം സുരക്ഷിതമായി റൺവേയിലിറങ്ങി. മറ്റ് വിമാനങ്ങളെല്ലാം യാതൊരു മുടക്കവും കൂടാതെ കൃത്യ സമയത്ത് തന്നെ സർവീസ് നടത്തിയതായി വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി പന്ത്രണ്ടരയോടെ ടെർമിനലിൽ എത്തിക്കുകയും അവർക്കാവശ്യമായ ലഘു ഭക്ഷണവും കുടിവെള്ളവും നൽകിയതായും വിമാനത്താവള അധികൃതർ അറിയിച്ചു. തകരാർ പരിഹരിച്ച വിമാനം 5.18ന് ദമാമിലേക്ക് യാത്ര പുറപ്പെട്ടതായും വിമാനത്താവള അധികൃതർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.