തിരുവനന്തപുരം: കള്ളപ്പണ ഇടപാടിന് കൂട്ടുനിന്ന പി ടി തോമസ് എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്‍റും കോന്നി എംഎല്‍എയുമായ കെ.യു ജനീഷ്‌കുമാർ സ്‌പീക്കര്‍ക്ക് പരാതി നല്‍കി. പി ടി തോമസ് നടത്തിയിട്ടുള്ള പണ ഇടപാട് നിയമവിരുദ്ധവും ചട്ടങ്ങള്‍ക്ക് യോജിക്കാത്തതുമാണ്. കേരള നിയമ സഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ 'അനുബന്ധം രണ്ട്' നിഷ്‌കര്‍ഷിച്ച പ്രകാരം അംഗങ്ങള്‍ക്കുള്ള പെരുമാറ്റചട്ടങ്ങളും പൊതുവായ സദാചാരതത്വങ്ങളും പി.ടി. തോമസ് ലംഘിച്ചതായും ജനീഷ്‌കുമാര്‍ പരാതിയില്‍ ആരോപിച്ചു. ചട്ടലംഘനത്തോടൊപ്പം ഇന്‍കംടാക്‌സ് ആക്‌ട് 269 എസ്.ടി വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യങ്ങളള്‍ക്കും പി.ടി തോമസ് നേതൃത്വം നല്‍കിയതായും പരാതിയില്‍ പറയുന്നു.
ഇടപ്പള്ളി അഞ്ചുമനയില്‍ നാല് സെന്‍റ് സ്ഥലം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടിനാണ് പി.ടി. തോമസ് എം.എല്‍.എ. മധ്യസ്ഥം വഹിച്ചത്. ഇവിടേക്ക് ആദായനികുതി ഉദ്യോഗസ്ഥര്‍ എത്തുകയും ഭൂമി വില്‌പനക്കായി കൈമാറാന്‍ ശ്രമിച്ച 50 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. എട്ട് ലക്ഷം രൂപയുടെ സാമ്പത്തിക നഷ്‌ടം സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന് ഉണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും എം.എല്‍.എ. നിയമവിരുദ്ധ ഇടപാടിന് കൂട്ട് നില്‍ക്കുകയായിരുന്നു. നിയമസഭാ അംഗങ്ങള്‍ പൊതുജീവിതത്തില്‍ പുലര്‍ത്തേണ്ട മര്യാദയും മൂല്യങ്ങളും കള്ളപ്പണ ഇടപാടിന് നേതൃത്വം നൽകിയതിലൂടെയും തുടര്‍ന്ന് നടത്തിയ മാധ്യമ ചര്‍ച്ചകളിലൂടെയും പി.ടി. തോമസ് നഷ്‌ടപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു. ഇതിനെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.