തിരുവനന്തപുരം : സിപിഐയെ വിലപേശുന്ന പാർട്ടിയായി കരുതുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജ്യസഭ സീറ്റ് വിഷയത്തിൽ എൽജെഡി അധ്യക്ഷൻ ശ്രേയാംസ് കുമാറിന്‍റെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. ഇടതുമുന്നണി യോഗം തീരുമാനിച്ചാണ് സിപിഎമ്മിനും സിപിഐക്കും സീറ്റ് നൽകിയത്.
സീറ്റുകൾ ഒഴിയുമ്പോള്‍ എല്ലാവരും അവകാശവാദം ഉന്നയിക്കും. ചർച്ചചെയ്‌ത് ധാരണയിലെത്തിയാല്‍ പിന്നെ അതാണ് തീരുമാനമെന്നും കോടിയേരി പറഞ്ഞു. രാജ്യസഭ സീറ്റ് സിപിഐ വിലപേശി വാങ്ങിയതാണെന്ന് എൽജെഡി അധ്യക്ഷൻ ശ്രേയാംസ് കുമാര്‍ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. എല്‍ജെഡിക്ക് സീറ്റ് നിഷേധിച്ചതിനെതിരെ അതൃപ്‌തി പ്രകടിപ്പിച്ച ശ്രേയാംസ്‌കുമാർ, മുന്നണി വിരുദ്ധ നിലപാടുകളാണ് സിപിഐ എന്നും പ്രകടിപ്പിച്ചിട്ടുള്ളതെന്നും കുറ്റപ്പെടുത്തിയിരുന്നു.