തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചു. ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് അർബുദ രോഗത്തിനുള്ള ചികിത്സക്കായി കോടിയേരി അമേരിക്കയിലേക്ക് പോകുന്നത്. ചികിത്സ പൂർത്തിയാക്കിയ ശേഷമാകും മടങ്ങുക.
ഡോക്‌ടർമാരുമായി സംസാരിച്ച ശേഷമേ മടങ്ങി വരവ് സംബന്ധിച്ച് തീരുമാനമുണ്ടാകു. അമേരിക്കയിലെ ഹൂസ്‌റ്റണിലാണ് കോടിയേരി ചികിത്സ തേടുന്നത്. ഭാര്യ വിനോദിനിയും അദ്ദേഹത്തിന് ഒപ്പമുണ്ട്. സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഇത്തവണത്തെ യാത്രയിലും ആർക്കും കൈമാറിയിട്ടില്ല.
സംസ്ഥാന സെന്‍റർ പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. കഴിഞ്ഞ തവണ ചികിത്സയ്ക്ക് അമേരിക്കയിലെത്തിയപ്പോഴും സെക്രട്ടറിയുടെ ചുമതല കൈമാറിയിരുന്നില്ല.
എന്നാൽ മടങ്ങിയെത്തിയ ശേഷം കോടിയേരി അവധിയിൽ പ്രവേശിക്കുകയും എ വിജയരാഘവനെ ആക്‌ടിങ് സെക്രട്ടറിയാക്കുകയും ചെയ്‌തിരുന്നു. മകൻ ബിനീഷ് കോടിയേരി മയക്കു മരുന്ന് ബന്ധമുളള കേസിൽ ബെംഗ്ലൂരുവില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് അവധിയിൽ പ്രവേശിച്ചത്. തുടർന്ന് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കോടിയേരി സെക്രട്ടറിയുടെ ചുമതലയിൽ തിരിച്ചെത്തി.
മുഖ്യമന്ത്രി പിണറായി വിജയനും അമേരിക്കയിൽ ചികിത്സയിലാണ്. മയോ ക്ലിനിക്കിലെ ചികിത്സ പൂർത്തിയാക്കി മെയ് 10നകം മുഖ്യമന്ത്രി തിരിച്ചെത്തും.