തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്‌ണന്‍ ഒഴിയും. മുഖ്യമന്ത്രി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി എന്നിവര്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്. അനാരോഗ്യം മൂലം സെക്രട്ടറി സ്ഥാനത്ത് തുടരാനുള്ള ബുദ്ധിമുട്ട് കോടിയേരി ബാലകൃഷ്‌ണന്‍ സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു.
നേരത്തെ ആരോഗ്യപ്രശ്‌നങ്ങളുള്ള കോടിയേരിക്ക് ചികിത്സ തുടരേണ്ടതുണ്ട്. ഈ പശ്ചാത്തലത്തില്‍ സ്ഥാനം ഒഴിയാനുളള തീരുമാനം പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയും ദേശീയ നേതാക്കളും കോടിയേരിയുമായി ചര്‍ച്ച നടത്തി പാര്‍ട്ടി തീരുമാനം അറിയിച്ചിട്ടുണ്ട്. ചികിത്സയ്‌ക്കായി കോടിയേരി ബാലകൃഷ്‌ണന്‍ നാളെ (29-08-2022) തന്നെ ചെന്നൈയിലേക്ക് പോകുമെന്നാണ് സൂചന.
അതേ സമയം കോടിയേരി മാറി നില്‍ക്കുന്ന സ്ഥാനത്തേക്ക് പകരം ആരു വരുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. നേരത്തെ ചികിത്സയ്ക്കായി കോടിയേരി മാറി നിന്നപ്പോള്‍ ആക്‌ടിങ് സെക്രട്ടറിയുടെ ചുമതല വഹിച്ച എ വിജയരാഘവന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്‍, മന്ത്രി എംവി ഗോവിന്ദന്‍ എന്നിവരുടെ പേരുകളാണ് നിലവില്‍ പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നത്. നേതൃയോഗം നാളെയും തുടരുന്ന സാഹചര്യത്തില്‍ പുതിയ പാര്‍ട്ടി സെക്രട്ടറിയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകാനാണ് സാധ്യത.