തിരുവനന്തപുരം: നിയമപ്രകാരം കുറ്റകരായ ലക്കി ഡ്രോ സംഘടിപ്പിക്കരുതെന്ന് പ്രോട്ടോക്കോളിൽ പറയുന്നത് അറിയില്ലെന്ന മുൻ ആഭ്യന്തര മന്ത്രി കൂടിയായ രമേശ് ചെന്നിത്തലയുടെ പ്രസ്താവന പരിഹാസ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. താനൊരു പ്രോട്ടോക്കോളും ലംഘിച്ചില്ലെന്നാണ് ചെന്നിത്തല കഴിഞ്ഞ ദിവസം വെല്ലുവിളി പോലെ പ്രഖ്യാപിച്ചത്. എന്നാൽ പ്രോട്ടോക്കോൾ പുസ്തകത്തിലെ 38(സി)യിൽ പറയുന്ന നിബന്ധനകളെല്ലാം ലംഘിക്കുന്ന നറുക്കെടുപ്പിലാണ് ചെന്നിത്തല പങ്കെടുത്തിരിക്കുന്നത്. ഇത് മനസിലാക്കിയാണ് പ്രോട്ടോക്കോൾ കോൺസുലേറ്റ് ജനറലിന് മാത്രമെന്ന കണ്ടുപിടിത്തം ചെന്നിത്തല നടത്തിയത്.
ഇത് പറയുന്ന ചെന്നിത്തല തന്നെയാണ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് പറഞ്ഞ് മന്ത്രി കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സമരാഭാസം നടത്തിയത്. ഇന്നത്തെ പ്രസ്താവനയോടെ യു.ഡി.എഫിന്‍റെ ഇതുവരെയുള്ള സമരങ്ങളെ തളളി പറയുകയാണ് പ്രതിപക്ഷനേതാവ് ചെയ്തിരിക്കുന്നത്. കള്ളം കയ്യോടെ കണ്ടുപിടിക്കപ്പെട്ടപ്പോഴുള്ള പരിഭ്രാന്തിയിലാകാം ചില സത്യങ്ങൾ ചെന്നിത്തല അറിയാതെ പറയുന്നതെന്നും കോടിയേരി പ്രസ്താവനയിൽ വ്യക്തമാക്കി. ജലീലിന്നെതിരെ ഉന്നയിച്ച ആരോപണം പിൻവലിച്ച് ചെന്നിത്തല മാപ്പ് പറയണം. തെളിവൊന്നുമില്ലാതെ ഉത്തരവാദിത്വപ്പെട്ടവരുടെ കുടുംബാഗങ്ങൾക്കെതിരെ വരെ പലതും വിളിച്ച് കൂവിയ ചെന്നിത്തലയാണ് ഇങ്ങനെ ആരോപണം ഉന്നയിക്കരുതെന്ന് പറയുന്നത്. തന്‍റെ പേഴ്സണൽ സ്റ്റാഫിന് പാരിതോഷികവും ലഭിച്ചു എന്ന് സമ്മതിക്കേണ്ടി വന്ന ചെന്നിത്തല ന്യായീകരണമായി പറയുന്നത് 2011ൽ തന്‍റെ സ്റ്റാഫിൽ അംഗമായിരുന്ന സർക്കാർ ഉദ്യോഗസ്ഥനും സമ്മാനം ലഭിച്ചുവെന്നതാണ്. സ്വയം കുറ്റവാളിയെന്ന് പ്രഖ്യപിക്കുകയാണ് ചെന്നിത്തല. ഒരു അടിസ്ഥാനവുമില്ലാതെ സമരം നടത്തി കൊവിഡ് ജാഗ്രത തകർത്ത് രോഗവ്യാപനം നടത്തിയ ചെന്നിത്തലയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.