തിരുവനന്തപുരം : അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന്‍റെ സംസ്‌കാരം തിങ്കളാഴ്‌ച (ഒക്‌ടോബര്‍ മൂന്ന്) നടക്കും. വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂർ പയ്യാമ്പലത്താവും സംസ്‌കാരം നടക്കുക. ചെന്നൈയിലുള്ള മൃതദേഹം നാളെ (ഒക്‌ടോബര്‍ രണ്ട്) എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലെത്തിക്കും.
രണ്ടാം തിയതി തലശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന്, മൂന്നാം തിയതി 10 മണിവരെ കോടിയേരി മാടപ്പീടികയിലെ വസതിയിലും ശേഷം, രാവിലെ 11 മുതൽ സിപിഎം ജില്ല കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനത്തിന് വയ്ക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആശുപത്രിയിലെത്തി കോടിയേരിക്ക് അന്തിമോപചാരം അര്‍പ്പിച്ചു. അതേസമയം സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്‍ററിന്‍റെ മുന്‍ഭാഗത്ത് സ്ഥാപിച്ച പാര്‍ട്ടി പതാക താഴ്‌ത്തി കെട്ടി. കോടിയേരിയുടെ മരണ വാര്‍ത്തയ്‌ക്ക് പിന്നാലെയാണ് പതാക താഴ്‌ത്തിയത്.
ഇന്ന് (ഒക്‌ടോബര്‍ ഒന്ന്) രാത്രി എട്ടിന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വച്ചാണ് കോടിയേരിയുടെ അന്ത്യം സംഭവിച്ചത്. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. കോടിയേരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലെ ആശുപത്രിയിൽ നേരിട്ടെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
ഭാര്യ വിനോദിനിയും മക്കളും മരുമക്കളും സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കളും മരണ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 28നാണ് അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. തൊട്ടടുത്ത ദിവസം തന്നെ വിദഗ്‌ധ ചികിത്സയ്‌ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.