തിരുവനന്തപുരം: കേരളത്തെ കലാപഭൂമിയാക്കാൻ കോൺഗ്രസ്, ബി.ജെ.പി, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ട് ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ റെയില്‍ വിഷയത്തില്‍ എതിർക്കാൻ വേണ്ടിയുള്ള എതിർപ്പാണ് പ്രതിപക്ഷത്തിന്‍റേതെന്നും ജനങ്ങൾക്കുവേണ്ടിയുള്ള എതിർപ്പല്ല ഇത്. എതിർപ്പുള്ളതുകൊണ്ട് പദ്ധതി മാറ്റിവയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നശീകരണ രീതിയിലാണ് പ്രതിപക്ഷം ചിന്തിക്കുന്നത്. കല്ല് വാരിക്കൊണ്ടുപോയാൽ പദ്ധതി തടയാനാവില്ല. ജനങ്ങളെ അണിനിരത്തി പദ്ധതിയുമായി മുന്നോട്ടു പോകും. യു.ഡി.എഫ് സർക്കാർ ഹൈസ്‌പീഡ് റെയിൽ കോറിഡോർ മുന്നോട്ടുവച്ചപ്പോൾ ഇടതുപക്ഷം എതിർത്തില്ല. പകരം പ്രായോഗിക വഴി തേടണമെന്ന് പറയുകയാണ് ഉണ്ടായതെന്നും കോടിയേരി പറഞ്ഞു.