തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് മുകളിലും പത്മനാഭസ്വാമി ക്ഷേത്ര പരിസരത്തും കാണപ്പെട്ടത് കളിപ്പാട്ട ഡ്രോൺ എന്നു പൊലീസ് നിഗമനം. പത്മനാഭസ്വാമി ക്ഷേത്ര പരിസരത്തെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ഡ്രോണിന്‍റെ ദൃശ്യം പരിശോധിച്ചതിൽ നിന്നാണ് പൊലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. എന്നാൽ ഡ്രോൺ പറത്തിയവരെക്കുറിച്ചുള്ള വിവരം കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. അതിനിടെ കോവളം ഭാഗത്ത് കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രി ഡ്രോൺ പറത്തിയ സംഭവത്തിൽ മുംബൈ ആസ്ഥാനമായ സ്വകാര്യ കമ്പനിക്കെതിരെ നേമം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് മുകളിലും തൊട്ടുപിന്നാലെ പത്മനാഭസ്വാമി ക്ഷേത്ര പരിസരത്തും അജ്ഞാത ഡ്രോൺ കണ്ടത്. തുടർന്ന് പത്മനാഭസ്വാമി ക്ഷേത്ര പരിസരത്തെ സിസിടിവി ക്യാമറകളിൽ ഒന്നിൽ പതിഞ്ഞ ഡ്രോണിൻ്റെ ചിത്രം വിശദമായി പരിശോധിച്ച വിദഗ്ധ സംഘം കളിപ്പാട്ട ഡ്രോൺ ആകാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഡ്രോൺ അമിത വേഗത്തിലായിരുന്നതും ഈ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പൊലീസ് പറയുന്നു. എന്നാൽ ഡ്രോണിൻ്റെ ഉറവിടം സംബന്ധിച്ച് ഇതുവരെയും സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഇതിനകം 24 ഡ്രോണുകൾ പോലീസ് പിടിച്ചെടുത്തു. 15 എണ്ണം രേഖകളില്ലാതെയാണ് ഉപയോഗിക്കുന്നതെന്നും കണ്ടെത്തി. അതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രി കോവളം ബീച്ചിലും തുടർന്ന് പുലർച്ചെ മൂന്നു മണിയോടെ തുമ്പ വി എസ് എസ് സി പരിസരത്തും ഡ്രോൺ പറത്തിയ സംഭവത്തിൽ മുംബൈ ആസ്ഥാനമായ ഇൻ ഡ്രോൺ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ നേമം പോലീസ് കേസെടുത്തു. തിരുവനന്തപുരം-നാഗർകോവിൽ പാത ഇരട്ടിപ്പിക്കലിന് ഭാഗമായി സർവ്വേ നടപടികൾ നടത്തുന്ന കമ്പനിയാണിത്. മൂന്നു കിലോമീറ്റർ ചുറ്റളവിൽ പറത്താൻ കഴിയുന്ന ഡ്രോൺ കാറിലിരുന്ന് പ്രവർത്തിപ്പിക്കുമ്പോൾ നിയന്ത്രണംവിട്ട് പറന്നതാണെന്ന് കമ്പനി പ്രതിനിധികൾ പൊലീസിനെ അറിയിച്ചു. 500 ഗ്രാമിന് മുകളിൽ ഭാരമുള്ള ഡ്രോൺ പരത്തുന്നതിന് വ്യോമയാന മന്ത്രാലയത്തിന് ലൈസൻസും പറത്തുന്ന സ്ഥലത്തെ ലോക്കൽ പൊലീസിൻ്റെ അനുമതിയും വേണമെന്നാണ് ചട്ടം. കമ്പനിക്ക് വ്യോമയാന മന്ത്രാലയത്തിന്‍റെ ലൈസൻസ് ഉണ്ടെങ്കിലും ലോക്കൽ പൊലീസിൽ നിന്ന് അനുമതി നേടിയിരുന്നില്ല. ഇതിന്‍റെ അടിസ്ഥാനത്തിലും പൊതുജനങ്ങളിൽ ഭീതി പരത്തിയതിനുമാണ് കേസ്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഡ്രോണ്‍ പറത്തുന്നതിന് പൊലീസ് കർശന നിബന്ധനകൾ ഏർപ്പെടുത്തി. ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർ പ്രതാപൻ നായർക്കാണ് കേസിൻ്റെ അന്വേഷണച്ചുമതല.