ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്രാഷ്ട്രീയ പാർട്ടികൾക്ക് മുന്നറിയിപ്പ് നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. മതവിദ്വേഷം വളർത്തുന്ന തരത്തിലുള്ള വിഷയങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കുന്നതായി തെളിഞ്ഞാൽ അത് പെരുമാറ്റ ചട്ട ലംഘനമാകും. ഇതുപ്രകാരം ശബരിമല വിഷയം വർഗീയധ്രുവീകരണത്തിന് ഉപയോഗിച്ചാൽ പെരുമാറ്റ ചട്ടലംഘനത്തിന് നടപടിയെടുക്കുമെന്നാണ് ഓഫീസറുടെ മുന്നറിയിപ്പ്. സുപ്രീംകോടതി വിധി മറ്റേതെങ്കിലും വിധത്തിൽ ദുർവ്യാഖ്യാനം ചെയ്യുന്ന സ്ഥാനാർഥികൾക്കെതിരെയും നടപടി ഉണ്ടാകും. ഇതോടെ ശബരിമല വിഷയം പരസ്യപ്രചാരണ ആയുധമാക്കാൻ ഒരുങ്ങിനിൽക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
കൂടാതെ നാമനിർദേശ പത്രികക്കൊപ്പമുള്ള ഫോറം 26 സ്ഥാനാർഥികൾ തങ്ങളുടെ ക്രിമിനൽക്കേസുകളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. ഈ വിവരങ്ങൾ സ്ഥാനാർഥികൾ സ്വന്തം ചെലവിൽ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്യണമെന്നും ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ മുൻകൂർ അനുമതിയില്ലാതെ ചാനലുകൾ സർവേഫലം പ്രസിദ്ധീകരിക്കരുത്. സംസ്ഥാനത്ത് ആകെയുള്ള 750 പ്രശ്ന ബാധിത ബൂത്തുകളിൽ ഏറ്റവും കൂടുതലും കണ്ണൂരിൽ ആണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
അതേസമയംതെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നറിയിപ്പിനെതിരെ ബിജെപി രംഗത്തെത്തി. ശബരിമല വിഷയം ചർച്ചാ വിഷയമാക്കും. തെരഞ്ഞെടുപ്പിൽ എന്ത് ചർച്ചാവിഷയമാക്കണമെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ കക്ഷികളാണ്. കമ്മീഷന് അത് പറയാൻ അവകാശമില്ലെന്നും കള്ളവോട്ടുകൾ തടയുന്നതിനുള്ള നടപടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യണ്ടതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു.