തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ ടൂറിസം ഹോസ്‌പിറ്റാലിറ്റി പരിശീലന കോഴ്‌സ് കിറ്റ്സിൽ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ്) ആരംഭിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ചെറുകിട സൗഹാർദമായി ടൂർ ഓപ്പറേറ്റർ, ഗൈഡ്, സ്റ്റോറി ടെല്ലർ ആൻഡ് ഇന്‍റര്‍പ്രെട്ടർ എന്നീ തസ്‌തികകള്‍ കൂടുതലായി സൃഷ്‌ടിക്കും. ശേഷം, ടൂറിസം ഹോസ്‌പിറ്റാലിറ്റി മേഖലകളില്‍ പരിശീലന കോഴ്‌സ് കഴിഞ്ഞിറങ്ങുന്നവരെ നിയമിക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു.
സ്‌ത്രീകള്‍ക്ക് സ്കോളർഷിപ്പോട് കൂടിയാണ് ആറുമാസത്തെ ഹോസ്‌പിറ്റാലിറ്റി കോഴ്‌സ് നല്‍കുക. കേരളത്തിലെ ജനങ്ങളെ ടൂറിസത്തിന്‍റെ ബ്രാൻഡ് അംബാസഡർമാരായി മാറ്റാൻ പ്രൊഫഷനലിസം കൂടി ഉൾപ്പെടുത്തും. എസ്‌സി വിഭാഗങ്ങൾക്ക് സൗജന്യവും മറ്റുള്ളവർക്ക് 50% ഫീസ് ഇളവും നൽകും. കിറ്റ്സ് മുഖാന്തരം തന്നെ പ്ലേസ്‌മെന്‍റ് നടപ്പിലാക്കും. 600 പേർക്ക് കുറഞ്ഞത് തൊഴിൽ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്.
സുസ്ഥിര ടൂറിസം വികസനത്തിന്‍റെ ഭാഗമായി സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് കേരള ടൂറിസം നടപ്പിലാക്കുന്ന വാർഷിക പരിപാടിയുടെ ഭാഗമായാണ് ഈ പദ്ധതി. കിറ്റ്സിനെ സെന്‍റര്‍ ഓഫ് എക്‌സലൻസായി ഉയർത്താനുള്ള പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ടൂറിസം വിജയിക്കാൻ ജനകീയ ടൂറിസം ആവശ്യമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
തിരുവനന്തപുരം, മലയാറ്റൂർ, തലശേരി എന്നിവിടങ്ങളിലുള്ള കിറ്റ്സിന്‍റെ പഠന കേന്ദ്രങ്ങളിലൂടെയാകും പ്രസ്‌തുത പരിപാടികൾ സംഘടിപ്പിക്കുക. സംരംഭക വികസന പരിശീലന പരിപാടി പൂർണമായും സൗജന്യമായിരിക്കും. ടൂറിസം ഹോസ്‌പിറ്റാലിറ്റി മേഖലകളിൽ ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിനായി ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടികളാകും സംഘടിപ്പിക്കുക. ഇതിനോടൊപ്പം നൈപുണ്യ പരിശീലനവും ഉൾപ്പെടുത്തും.
ടൂറിസം ഹോസ്‌പിറ്റാലിറ്റി മേഖലയിൽ വ്യത്യസ്‌തങ്ങളായ തൊഴിൽ ലഭ്യമാകുന്ന തരത്തിൽ ഒരുക്കിയിരിക്കുന്ന മൾട്ടി സ്‌കിൽഡ് ഹോസ്‌പിറ്റാലിറ്റി എക്‌സിക്യൂട്ടീവ് ഡിപ്ലോമ കോഴ്‌സുകൾ പെൺകുട്ടികൾക്കായി നടത്തും. ഫ്രണ്ട് ഓഫിസ്, ഹൗസ് കീപ്പിങ്, എഫ് ആൻഡ് ബി സർവീസ് തുടങ്ങിയ വിഭാഗങ്ങളിൽ തൊഴിൽ ലഭ്യമാകുന്ന തരത്തിലുള്ള കോഴ്‌സിന് 50,000 രൂപയാണ് ഫീസ്. എസ്‌സി, എസ്‌ടി വിഭാഗത്തിൽ ഉൾപ്പെട്ട പെൺകുട്ടികൾക്ക് 30,000 രൂപയാണ് ഫീസ്. മറ്റ് വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് 50 ശതമാനം സ്കോളർഷിപ്പുമുണ്ടാകും.
'600 പേർക്ക് വരുമാന മാർഗമാവും': ആറുമാസത്തേ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് നൂറ് ശതമാനം പ്ലേസ്‌മെന്‍റ് നൽകും. ആറ് കോഴ്‌സുകളും 13 പരിശീലന പരിപാടികളുമായി 600 പേർക്ക് വരുമാന മാർഗം നൽകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ കിറ്റ്സിന്‍റെ ലൈബ്രറി സൗജന്യമായി സർക്കാർ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യൂണിവേഴ്‌സിറ്റി സെന്‍ററുകൾ തുടങ്ങിയവക്ക് സൗജന്യമായി ഉപയോഗിക്കാനുള്ള സൗകര്യമുണ്ടാകും.
എയിഡഡ്, സ്വകാര്യ മേഖലകൾക്ക് 5,000 രൂപ നിരക്കിൽ ലൈബ്രറിയിലെ റഫറൻസ് മെമ്പർഷിപ്പ് എടുക്കാവുന്നതാണ്. റഫറൻസിന് വരുന്നവർക്ക് ബുക്കുകൾ പഠനാവശ്യത്തിനായി വ്യക്തിഗത മെമ്പർഷിപ്പ് ഉപയോഗിച്ച് വീട്ടിലേക്ക് കൊണ്ടുപോകാനാവും. ടൂറിസം അനുബന്ധമായ പുസ്‌തകങ്ങളുടേയും പ്രബന്ധങ്ങളുടേയും റിപ്പോർട്ടുകളുടെയും ശേഖരം മറ്റിടങ്ങളിൽ നന്നേ കുറവാണെന്ന് കണ്ടാണ് നടപടി. കിറ്റ്സ് ടൂറിസം നോളജ് ഷെയറിങ് ഇനിഷ്യേറ്റീവ് എന്ന പദ്ധതി പ്രകാരമാണ് നടപടി. നിലവിൽ ടൂറിസം വിഷയത്തിൽ മാത്രം 5,000ൽ അധികം പുസ്‌തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്.
ഇതിൽ 260 ദേശീയ പുസ്‌തകങ്ങളും ആറ് അന്താരാഷ്ട്ര ജേണലുകളും കിറ്റ്സിന്‍റെ ലൈബ്രറിയിൽ ലഭ്യമാണ്. ഇതിനുപുറമെ പിയേഴ്‌സൺ മാനേജ്മെന്‍റിന്‍റെ 50 പുസ്‌തകങ്ങളും, എമറാൾഡ് പബ്ലിക്കേഷന്‍റെ 66 ടൂറിസം പുസ്‌തകങ്ങളും ഡിജിറ്റലായി ലഭ്യമാണ്. ടൂറിസം വിജയിക്കാൻ ജനകീയ ടൂറിസം ആവശ്യമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.