തിരുവനന്തപുരം : കൈത്തറി വസ്ത്രങ്ങൾ ഇനി ലോകത്ത് എവിടെയിരുന്നും സ്വന്തമാക്കാം. ഫ്ലിപ്‌കാർട്ടിലൂടെയുള്ള ഓൺലൈൻ വിൽപനയിലൂടെയും ഇരുന്നൂറിലധികമുള്ള ഷോറൂമുകളിലൂടെയുമാണ് ഖാദി ആവശ്യക്കാരിലേക്ക് കൂടുതലടുക്കുന്നത്. കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ട് ഷോറൂം ആധുനിക രീതിയിൽ നവീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ മാറ്റമെന്ന് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അറിയിച്ചു. ഓഫിസുകൾ കേന്ദ്രീകരിച്ച് മേളകളും സഹകരണ സംഘങ്ങളുമായി ചേർന്ന് 'ഖാദി കോർണർ' എന്ന പേരിലുള്ള വിൽപന കേന്ദ്രങ്ങൾക്ക് പുറമെയാണ് പുതിയ രീതി നടപ്പിലാക്കുന്നത്.
ഈ വർഷത്തെ ഓണക്കാല ഖാദി മേളയുടെ സംസ്ഥാന തല ഉദ്ഘാടനം ഓഗസ്റ്റ് രണ്ടിന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചിരുന്നു. വ്യത്യസ്‌ത സമ്മാനങ്ങള്‍ നല്‍കിയും പുത്തൻ ഫാഷനുകൾ കൊണ്ടുവന്നും പുതുതലമുറയെ കൂടി ഖാദിയിലേക്ക് ആകർഷിക്കാനാണ് ബോർഡ് ആലോചിക്കുന്നത്. കഴിഞ്ഞവർഷം 60 കോടിയുടെ വിൽപന നേടിയ ഖാദി ബോർഡ് ഈ വർഷം 150 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. ആയിരം രൂപയ്ക്ക് മുകളിൽ ഉത്പന്നങ്ങള്‍ വാങ്ങുന്നവരിൽ തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് ഒന്നാം സമ്മാനമായി ടാറ്റ ടിയാഗോ ഇലക്ട്രിക് കാറും, രണ്ടാം സമ്മാനമായി ഇലക്ട്രിക് സ്‌കൂട്ടറും മൂന്നാം സമ്മാനമായി ഓരോ ജില്ലയിൽ നിന്ന് ഒരാൾക്ക് ഒരു പവൻ വീതവും നൽകും.
ഇതിന് പുറമെ പുതുതലമുറയെ ആകർഷിക്കുന്നതിനായി പാപ്പിലിയോ എന്ന ബ്രാൻഡ് നെയിമിൽ ഇറക്കിയ വസ്ത്രങ്ങളും ഇത്തവണ രംഗത്തുണ്ട്. കൂടാതെ ഈ വരുന്ന ഓഗസ്റ്റ് 22ന് എറണാകുളത്തുവച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുമായി ചേർന്ന് ഫാഷൻ ഷോയും സംഘടിപ്പിക്കുന്നുണ്ട്. നേരത്തെ വിപണിയിലുള്ള ഖാദി ബോർഡിന്‍റെ വിവാഹ വസ്ത്രങ്ങള്‍, ഡോക്‌ടേർസ്-നഴ്‌സ് കോട്ടുകള്‍, പാന്‍റ്‌സിന്‍റെ തുണി, ഓട്ടോറിക്ഷ തൊഴിലാളികളുടെ യൂണിഫോം, പാർട്ടിവെയർ തുടങ്ങിയവ വൻ വിജയത്തിലാണ്.
കടൽ കടന്ന് ഖാദി : പുത്തൻ ഫാഷനുകൾ കടന്നുവന്നതിന് പിന്നാലെ വിദേശരാജ്യങ്ങളിൽ നിന്നുള്ള ആവശ്യക്കാരുടെ എണ്ണത്തിൽ വർധനവുണ്ട്. ഇറ്റലിയിലെ പ്രതിനിധി ആലപ്പുഴ അടിമടി യൂണിറ്റ് സന്ദർശിച്ചതിന് പിന്നാലെ വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്നതിന്‍റെ ചർച്ചകൾ പുരോഗമിക്കുകയാണ്.
വ്യാജന്മാരെ തിരിച്ചറിയുക : ഉയർന്ന വിൽപന നടക്കുമ്പോഴും ഒട്ടനവധി വ്യാജ ഖാദി ഉത്പന്നങ്ങള്‍ മാർക്കറ്റിൽ ലഭ്യമാണ്. ഇത് ചെറുക്കുന്നതിനായി നിരവധി ബോധവത്കരണ പരിപാടികളും ഖാദി ബോർഡ് നടത്തുന്നുണ്ട്. ഖാദി ബോർഡിന്‍റെയും അംഗീകൃത ഖാദി സ്ഥാപനങ്ങളുടെയും ഷോറൂമുകളിൽ നിന്ന് മാത്രം ഉത്പന്നങ്ങൾ വാങ്ങണം. ബോർഡിന്‍റെ വിൽപന കേന്ദ്രങ്ങളുടെ പേരും ഫോൺ നമ്പറും ഇതിനോടകം തയ്യാറാക്കി ലഭ്യമാക്കിയിട്ടുണ്ട്.
ചെറു സംരംഭങ്ങളുമായും ഖാദി ബോർഡ് : സബ്‌സിഡി നിരക്കിൽ വായ്‌പ നൽകി ചെറു സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് എന്‍റെ ഗ്രാമം പദ്ധതി പ്രകാരം 10 ലക്ഷം രൂപയും പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി വഴി 50 ലക്ഷം രൂപയും സബ്‌സിഡിയില്ലാതെ അതിൽ അധികം വായ്‌പയും ഖാദി ബോർഡ് നൽകുന്നുണ്ട്. കൂടാതെ ആയുർവേദ ഉത്പന്നങ്ങളും കാരിബാഗ്, ചെറുതേൻ, മരതയ്ക്ക് ആട്ടിയ നല്ലെണ്ണ എന്നിവ കൂടാതെ ഓർഗാനിക് വസ്‌തുക്കള്‍, മൂല്യവർധന ഉത്പന്നങ്ങള്‍ എന്നിവയും വിൽപന നടത്തുന്നതിനായി മർകസ് നോളജ് സിറ്റിയുമായും പാപ്പനംകോട് കൗൺസിൽ ഫോർ ഇൻഡസ്ട്രിയൽ റിസർച്ചുമായും ഖാദി ബോർഡ് ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ഇതിലൂടെ 53 പേർക്ക് വായ്‌പ നൽകുകയും 1986 പുതിയ തൊഴിലുകൾ സൃഷ്‌ടിക്കുകയും ചെയ്‌തു.