തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം തുടരും. സമരം ചെയ്യുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങളില്‍ പൂര്‍ണ്ണമായ ഉറപ്പ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുന്നതെന്ന് കെജിഎംഒഎ നേതാക്കള്‍ അറിയിച്ചു .
അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതും, ലഭിച്ചുകൊണ്ടിരുന്ന നിരവധി ആനുകൂല്യങ്ങള്‍ എടുത്തു കളഞ്ഞതും, റിസ്‌ക് അലവന്‍സ് അനുവദിക്കാത്തതുമുള്‍പ്പടെ സംഘടന മുന്നോട്ടുവച്ച വിഷയങ്ങളില്‍ വ്യക്തമായ ഒരു ഉറപ്പും ലഭിച്ചില്ലെന്ന് കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു. ചില കാര്യങ്ങള്‍ ഇപ്പോള്‍ പരിഗണിക്കാമെന്നും മറ്റു ചിലത് ഏപ്രില്‍ മാസം നോക്കാമെന്നുമുള്ള വാക്കാല്‍ പരാമര്‍ശം മാത്രമാണ് മന്ത്രിയില്‍ നിന്ന് ചര്‍ച്ചയില്‍ ഉണ്ടായത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. അതിനാലാണ് പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാന്‍ സംഘടന തീരുമാനിച്ചതെന്ന് നേതാക്കള്‍ അറിയിച്ചു.
ALSO READ:കുതിച്ചുയര്‍ന്ന് COVID 19 ; 1,41,986 പേർക്ക് കൂടി രോഗബാധ, 3071 പേര്‍ക്ക് ഒമിക്രോണ്‍
പ്രതിഷേധങ്ങളുടെ ഭാഗമായി സംഘടന സെക്രട്ടറിയേറ്റിനുമുന്നില്‍ ഒരുമാസത്തോളം നില്‍പ്പ് സമരം നടത്തിയിരുന്നു. ഇപ്പോള്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പ്രതിഷേധ ജാഥ നടത്തുകയാണ്. ജനുവരി 18ന് സംസ്ഥാന വ്യാപകമായി കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്നും കെജിഎംഒയെ പ്രഖ്യാപിച്ചിട്ടുണ്ട്.
അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകള്‍ ലേബര്‍റൂം തുടങ്ങിയവ ഒഴികെയുള്ള എല്ലാ സേവനങ്ങളില്‍ നിന്നും വിട്ടുനിന്നാകും ജനുവരി 18ലെ ഡോക്ടര്‍മാരുടെ പ്രതിഷേധം.