തിരുവനന്തപുരം: തിങ്കളാഴ്‌ച നടന്ന പി.ജി ഡോക്‌ടര്‍മാരുടെ 12 മണിക്കൂര്‍ സംസ്ഥാന വ്യാപക സമരത്തിന് പിന്തുണയുമായി കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ടീച്ചേര്‍സ് അസോസിയേഷന്‍ (കെ.ജി.എം.സി.ടി.എ). സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആവശ്യത്തിന് ഡോക്‌ടര്‍മാരെ നിയമിക്കുക, പോസ്റ്റ് ഗ്രാജുവേറ്റ് പഠനസൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍ പ്രതിഷേധ സമരം നടത്തിയത്.
മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികളുടെ സമരം ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണെന്നും അവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും കെ.ജി.എം.സി.ടി.എ ആവശ്യപ്പെട്ടു. കൊവിഡ് - കൊവിഡിതര രോഗങ്ങള്‍ എന്നിവ ഒന്നിച്ചു ചികിത്സിക്കേണ്ടി വരുന്നതിനാലുള്ള വര്‍ധിച്ച ജോലിഭാരം ലഘൂകരിക്കുന്നതിന് മെഡിക്കല്‍ കോളേജുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നും സംഘടന പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
'പഠനവും പരിശീലനവും പുനരാരംഭിക്കാനുള്ള നടപടി സ്വീകരിക്കണം'
കൊവിഡ് ചികിത്സകള്‍ പൂര്‍ണമായും മറ്റു ജില്ല കേന്ദ്രങ്ങളിലേക്ക് മാറ്റുകയും അതീവ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികള്‍ക്ക് മാത്രമായി മെഡിക്കല്‍ കോളേജുകളിലെ സേവനം ഉപയോഗിക്കുകയുമാണ് വേണ്ടത്. എന്നാല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ രീതിയില്‍ നോണ്‍ കൊവിഡ് രോഗങ്ങള്‍ക്കുള്ള വിദഗ്‌ധചികിത്സ തടസമില്ലാതെ നല്‍കാന്‍ കഴിയുകയുള്ളൂ.
കൊവിഡ് മൂലം ഭാഗികമായി മുടങ്ങിക്കിടക്കുന്ന മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികളുടെ പഠനവും പരിശീലനവും പുനരാരംഭിക്കാനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടതും അത്യാവശ്യമാണ്. കൂടാതെ വാക്‌സിനേഷന്‍ വിതരണത്തിനിടയില്‍ ഡോക്ടര്‍മാരുടെ നേര്‍ക്കുള്ള കയ്യേറ്റങ്ങള്‍ അവസാനിപ്പിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപക സംഘടന പറഞ്ഞു.
ALSO READ: 'വലിയ വില കൊടുക്കേണ്ടി വരും': വിദേശ നിർമിത മദ്യത്തിന്‍റെ വില കുത്തനെ കൂട്ടി