തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തതില്‍ പ്രതിഷേധിച്ച് കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ടീച്ചേര്‍സ് അസോസിയേഷന്‍ (കെ.ജി.എം.സി.റ്റി.എ). അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തിലാണ് യൂറോളജി, നെഫ്രോളജി വിഭാഗം മേധാവിമാരെ സസ്‌പെന്‍ഡ് ചെയ്‌തത്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി ഒപിക്ക് മുന്നില്‍ ഡോക്‌ടര്‍മാര്‍ പ്രകടനം നടത്തി.
വിദഗ്‌ധ സമിതിയുടെ വ്യക്തമായ അന്വേഷണത്തിന് ശേഷം മാത്രം നടപടി സ്വീകരിക്കണമെന്നാവശ്യമാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. കണ്ണില്‍ പൊടിയിടുന്നതിനായി എടുത്തുചാടിയുള്ള നടപടി അംഗീകരിക്കാനാകില്ല. സംവിധാനത്തിലെ പിഴവിന് ഡോക്‌ടര്‍മാരെ പഴി ചാരിയിട്ട് കാര്യമില്ലെന്നും കെ.ജി.എം.സി.റ്റി.എ വ്യക്തമാക്കി.
ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഒരു പ്രോട്ടോകോള്‍ ലംഘനവും നടന്നിട്ടില്ല. വൃക്കയുള്ള പെട്ടിയുമായി പോയവര്‍ ട്രാന്‍സ്പ്ലാന്‍റ് ഐസിയുവിലേക്ക് പോകുന്നതിനു പകരം ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പോയി. 104 ശസ്ത്രക്രിയകള്‍ വിജയകരമായി നടന്ന ഇവിടെ 105 ആമത്തെ ശസ്ത്രക്രിയക്ക് ഇങ്ങനെ സംഭവിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും കെ.ജി.എം.സി.റ്റി.എ ആവശ്യപ്പെട്ടു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ.ആശ തോമസിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ രണ്ട് ഡോക്‌ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തത്.