തിരുവനന്തപുരം : അടുത്ത വര്‍ഷത്തെ കേരളീയത്തിനുള്ള ഒരുക്കങ്ങള്‍ക്ക് ഔദ്യോഗികമായി മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത വര്‍ഷത്തെ കേരളീയത്തിന് ഒരുങ്ങാന്‍ ആവശ്യത്തിന് സമയം ലഭിച്ചില്ല എന്ന പരാതി ഉണ്ടാകാതിരിക്കാനാണിതെന്നും കമ്മിറ്റിയില്‍ ആരൊക്കെ ഉണ്ടായിരിക്കണമെന്ന് ബുധനാഴ്‌ചത്തെ മന്ത്രിസഭായോഗം തീരുമാനിക്കുമെന്നും പ്രഥമ കേരളീയത്തിന്‍റെ സമാപന വേദിയില്‍ മുഖ്യമന്ത്രി പറഞ്ഞു (Keraleeyam First Edition Concluded).
നമ്മുടെ നാട് ഇത്തരത്തില്‍ അവതരിപ്പിക്കാന്‍ പാടില്ലായിരുന്നു എന്ന ചിന്തയാണ് ചിലര്‍ക്കുണ്ടായിരുന്നതെന്ന് പറഞ്ഞുകൊണ്ട് കേരളീയം ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന് നേരെ മുഖ്യമന്ത്രി ഒളിയമ്പെയ്‌തു. എന്നാല്‍ ആഗോള തലത്തിലും ദേശീയ തലത്തിലും കേരളത്തെ അവതരിപ്പിക്കാന്‍ കേരളീയത്തിലൂടെ നമുക്കായി. അതായിരുന്നു ഈ പരിപാടിയുടെ പ്രത്യേകതയും ഉദ്ദേശ്യവും.
ആ ഉദ്ദേശ്യം സാക്ഷാത്‌കരിക്കാന്‍ നമുക്കായി. എങ്ങനെ ഇത്ര വേഗത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കാനായി എന്നതിന്‍റെ ദുരൂഹത തേടിപ്പോയവര്‍ക്കും ഇപ്പോള്‍ എല്ലാം മനസിലായിട്ടുണ്ടാകും. സര്‍ക്കാരിന്‍റെ പ്രതീക്ഷകളെ അമ്പരിപ്പിച്ചു കൊണ്ടാണ് കേരളീയത്തിന്‍റെ വിവിധ വേദികളിലേക്ക് ജനം ഒഴുകിയെത്തിയത്. പുതുതലമുറയുടെ പങ്കാളിത്തം അത്ഭുതപ്പെടുത്തുന്നതായിരുന്നു.
ആവശ്യമായ തയ്യാറെടുപ്പുകളോടെ ഇനിയങ്ങോട്ട് നടത്തുമ്പോള്‍ പരിപാടി എത്ര വലുതാകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ദേശീയ തലത്തിലും അന്താരാഷ്‌ട്ര തലത്തിലും എണ്ണപ്പെട്ട ഉത്സവമായി കേരളീയം മാറാന്‍ പോകുന്നു. പരിപാടികളില്‍ പങ്കെടുത്ത പുതുതലമുറയുടെ കണ്ണുകളില്‍ പുതിയ പ്രതീക്ഷ ഉയരുന്നത് കാണാമായിരുന്നു.
ഇനിയുള്ള വര്‍ഷങ്ങളില്‍ കേരളീയം ആവര്‍ത്തിക്കാന്‍ സര്‍ക്കാരിന് പ്രതീക്ഷ നല്‍കുന്നതാണിത്. 67 വര്‍ഷത്തെ ഐക്യ കേരള ചരിത്രത്തില്‍ കേരളത്തിന്‍റെ പാത ക്ലേശകരമായിരുന്നു. എന്നാല്‍ ഇന്ന് കേരളം ലോകം അംഗീകരിക്കുന്ന നേട്ടങ്ങളിലെത്തി നില്‍ക്കുകയാണ്. കൊവിഡിന് ശേഷം കേരളത്തിന്‍റെ സമ്പദ്‌ഘടന 12 ശതമാനം വര്‍ധിച്ചു.
കൃഷി, വ്യവസായം തുടങ്ങിയ മേഖലകളിലെല്ലാം ഈ പുരോഗതി ദൃശ്യമാണ്. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ കേരളത്തിന്‍റെ വരുമാനം വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്കുയര്‍ത്താനാണ് നാം ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുദ്ധഭൂമിയിൽ പൊരുതുന്ന പലസ്‌തീന് മുഖ്യമന്ത്രി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
കേരളീയം വേദിയിൽ ഒ രാജഗോപാൽ : അതിനിടെ ബിജെപി സംസ്ഥാന നേതൃത്വത്തെ അമ്പരപ്പിച്ച് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഒ.രാജഗോപാല്‍ (O Rajagopal) കേരളീയത്തിന്‍റെ വേദിയിലെത്തി. ഒ.രാജഗോപാലിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്‌തതിനെ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. സംഘാടകര്‍ സദസിന്‍റെ മുന്‍ നിരയില്‍ രാജഗോപാലിനെ സ്വീകരിച്ച് ഇരിപ്പിടമൊരുക്കി.
കേരളീയത്തെ രൂക്ഷമായി വിമര്‍ശിച്ച കെ.സുരേന്ദ്രനെ പൂര്‍ണമായി തള്ളിയാണ് ഒ.രാജഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സുരേന്ദ്രന്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നുപറഞ്ഞ രാജഗോപാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനെ പ്രധാനമന്ത്രി വിലക്കിയിട്ടില്ലല്ലോ എന്നു ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ നടത്തുന്ന വേദിയാണിത്. സര്‍ക്കാരിനെ കണ്ണടച്ച് എതിര്‍ക്കുന്നില്ല. ന്യായമായ കാര്യങ്ങള്‍ ആരു ചെയ്‌താലും താന്‍ സ്വാഗതം ചെയ്യും. കമ്മ്യൂണിസ്റ്റായാലും കോണ്‍ഗ്രസ് ആയാലും നല്ലത് ആര് ചെയ്‌താലും നമ്മള്‍ സ്വാഗതം ചെയ്യുമെന്നും രാജഗോപാല്‍ പറഞ്ഞു.
Also Read : 'കേരളീയം നാടിന്‍റെ യശസ് നശിപ്പിച്ചു, ആദിവാസികളെ വിചിത്ര വേഷം കെട്ടിച്ച് അപമാനിക്കുന്നു' : കെ സുരേന്ദ്രൻ