തിരുവനന്തപുരം: ചാന്‍സലറായ ഗവര്‍ണറോടുള്ള എതിര്‍പ്പ് തുടര്‍ന്ന് കേരള സര്‍വകലാശാല സെനറ്റ്. വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ പ്രതിനിധിയെ നിര്‍ദേശിക്കേണ്ടെന്ന് ഇന്ന് ചേര്‍ന്ന സെനറ്റ് യോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നിര്‍ദേശങ്ങളെല്ലാം പൂര്‍ണമായി തള്ളുന്ന നിലപാടാണ് ഇന്നും ഇടത് സെനറ്റ് അംഗങ്ങള്‍ സ്വീകരിച്ചത്.
വിസി നിയമനത്തിനായി ഏകപക്ഷീയമായി സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ഗവര്‍ണര്‍ ആരംഭിച്ചത് അംഗീകരിക്കാന്‍ കഴിയില്ല. നേരത്തെ ഗവര്‍ണര്‍ക്കെതിരെ പാസാക്കിയ പ്രമേയത്തില്‍ ചില ഭേദഗതികളും ഇന്നത്തെ യോഗം വരുത്തി. ഗവര്‍ണര്‍ രൂപം നല്‍കിയ സെര്‍ച്ച് കമ്മിറ്റി പിന്‍വലിച്ചാല്‍ മാത്രം സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കാനാണ് തീരുമാനം. ചാന്‍സലറുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ അംഗീകരിക്കേണ്ടന്നും സെനറ്റ് തീരുമാനിച്ചു.
സെനറ്റിലെ ഇടത് അംഗങ്ങളെല്ലാം ഈ തീരുമാനത്തെ അംഗീകരിച്ചപ്പോള്‍ ഏഴ് യുഡിഎഫ് അംഗങ്ങള്‍ മാത്രമാണ് എതിര്‍ത്തത്. സര്‍വകലാശാലയില്‍ ഭരണ പ്രതിസന്ധി ഉണ്ടാകരുതെന്നാണ് സെനറ്റിന്‍റെ തീരുമാനമെന്ന് ഇടത് പ്രതിനിധി ബാബുജാന്‍, യോഗ ശേഷം പറഞ്ഞു. നിയമപരമായി സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നാണ് ഗവര്‍ണറോട് അഭ്യര്‍ഥിക്കാനുള്ളതെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
ഇപ്പോഴത്തെ നടപടികള്‍ യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ക്ക് എതിരാണ്. ചാന്‍സലറുമായുള്ളത് രാഷ്ട്രീയമായ പ്രശ്‌നങ്ങളല്ല. നിയമപ്രശ്‌നം മാത്രമാണ് നിലവിലുള്ളത്. സെനറ്റിന്‍റെ പ്രമേയം ചാന്‍സലര്‍ക്ക് എതിരല്ല. നിയമവിരുദ്ധമായ നോട്ടിഫിക്കേഷന് എതിരായാണെന്നും ബാബുജാന്‍ പറഞ്ഞു.