തിരുവനന്തപുരം: ട്രക്ക് ക്യാമ്പര്‍ സംരംഭം ഉദ്‌ഘാടനം ചെയ്‌ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസും ഗതാഗത മന്ത്രി ആൻ്റണി രാജുവും. വെള്ളിയാഴ്ച രാവിലെ 10 ന് മസ്‌ക്കറ്റ് ഹോട്ടലിലാണ് ചടങ്ങ് നടന്നത്. കർണാടകയിലെ ലുക്‌സെ ക്യാമ്പർ, കേരള ടൂറിസം വകുപ്പുമായി ചേര്‍ന്നാണ് സംസ്ഥാനത്ത് ട്രക്ക് ക്യാമ്പര്‍ അവതരിപ്പിക്കുന്നത്.
കാരവൻ ടൂറിസത്തില്‍ പുതുമയുള്ളതും സഞ്ചാരികൾക്ക് സുരക്ഷിതവുമായ മാതൃകയായാണ് ഈ സംവിധാനം അവതരിപ്പിക്കുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുംബ്‌ളെയുൾപ്പെടെയുള്ള പ്രമുഖരുടെ നേതൃത്വത്തിലാണ് ലുക്‌സെ ക്യാമ്പർ പ്രവര്‍ത്തിക്കുന്നത്. മിനി ഹോമിനെ അനുസ്‌മരിപ്പിക്കുന്നതാണ് ട്രക്ക് ക്യാമ്പര്‍ വാഹനം.
മുതിർന്ന രണ്ടു പേർക്ക് സുഖമായി കിടന്നുറങ്ങാവുന്ന ബെഡ് റൂം, എ.സി, അടുക്കള, കുളിക്കാൻ ചൂടുവെള്ളം ലഭിക്കുന്ന ശുചി മുറി തുടങ്ങിയവ വാഹനത്തില്‍ ലഭ്യമാകും.
ഫെബ്രുവരി മുതല്‍ സംസ്ഥാനത്തെവിടെയും
ദിവസം 5000 രൂപ വാടകയ്ക്ക് ലക്‌സി ക്യാമ്പർ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. വീട്ടിലിരുന്ന് വിനോദസഞ്ചാരം നടത്തുന്ന അനുഭവമാണ് ഈ വാഹനം നല്‍കുക. 2022 ഫെബ്രുവരി ആദ്യ ആഴ്ച മുതൽ ട്രക്ക് ക്യാമ്പറുകൾ റോഡിൽ ഓടിത്തുടങ്ങുമെന്ന് സംരംഭകർ വ്യക്തമാക്കി.
വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ സമയം മുതല്‍ സംസ്ഥാനത്ത് എവിടെയും ഈ സൗകര്യം ലഭ്യമാകും. ട്രക്ക് ക്യാമ്പറുകളെ സാധാരണ ഗതിയിലുള്ള റോഡ് പരിശോധനകളില്‍ നിന്ന് ഒഴിവാക്കും.
ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമേ ഇവ പരിശോധിക്കാൻ അനുമതി നല്‍കുകയുള്ളു. അനാവശ്യ ഇടപെടലുകൾ കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്നതായുള്ള പരാതികളുണ്ട്.
ഇത് ടൂറിസം വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന ബോധ്യത്തിൻ്റെ പശ്ചാത്തലത്തിലാണ് പരിശോധനകൾ ഒഴിവാക്കുന്നതെന്ന് മന്ത്രി ആൻ്റണി രാജു പറഞ്ഞു. ടൂറിസം ഡയറക്ടര്‍ കൃഷ്ണ തേജ ഐ.എ.എസ്, കെ.ടി.ഡി.സി ചെയര്‍മാന്‍ പി.കെ ശശി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.