മമ്മൂട്ടിയെന്ന മഹാനടന്‍റെ മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന അഭിനയ ജീവിതത്തിന് തിളക്കമേകുന്നതാണ് 53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത 'നൻപകൽ നേരത്ത് മയക്ക'ത്തിലൂടെ തന്‍റെ അഭിനയ കരിയറിലെ എട്ടാമത് സംസ്ഥാന പുരസ്‌കാരമാണ് മമ്മൂട്ടി എന്ന അതുല്യ പ്രതിഭ സ്വന്തമാക്കിയത്.
'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തില്‍ ജെയിംസായും സുന്ദരമായും പകർന്നാടി സിനിമ പ്രേമികളെ വിസ്‌മയിപ്പിക്കാന്‍ മമ്മൂട്ടിയെന്ന അസാധ്യ നടനായി. 'നൻപകലിന്' പുറമെ പുഴു, റോഷാക്ക് എന്നീ സിനിമകലെ അഭിനയത്തിലും മമ്മൂട്ടി മികവാര്‍ന്ന പ്രകടനമാണ് കാഴ്‌ച വച്ചത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ വന്‍തോതില്‍ സ്വീകരിക്കപ്പെട്ട 'നല്‍പകലിന്' തിയേറ്ററുകളിലും വന്‍ വരവേല്‍പ് ലഭിച്ചിരുന്നു. പിന്നാലെ, ഒടിടിയില്‍ എത്തിയ ചിത്രം ആഗോള തലത്തില്‍ പല ഭാഷകളിലുള്ള ആളുകളുടേയും മനംകവര്‍ന്നു.
സഹയാത്രികരെ ആശയക്കുഴപ്പത്തിലാക്കുന്നെ ജെയിംസ്, ഒടുവില്‍...: ചില ആളുകളെ ആദ്യമായി കാണുമ്പോൾ മുന്‍പ് എവിടെയോ കണ്ടതുപോലെ നമുക്ക് തോന്നാറുണ്ട്. അത്തരത്തില്‍, തമിഴ്‌നാട്ടിലെ വേളാങ്കണ്ണി യാത്രയ്‌ക്ക് ശേഷം ഒരു കൂട്ടം യാത്രികര്‍ ബസിൽ കേരളത്തിലേക്ക് മടങ്ങുന്നതും അതിനെ തുടര്‍ന്നുള്ള സംഭവ വികാസവുമാണ് ചിത്രത്തിന്‍റെ പ്രമേയം. ജെയിംസായി എത്തുന്ന മമ്മൂട്ടി ഒരു തമിഴ് വീട്ടില്‍ പ്രവേശിക്കുന്നതും ആ കുടുംബത്തിലെ അംഗത്തെപ്പോലെ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഇത് അദ്ദേഹത്തോടൊപ്പം യാത്ര ചെയ്‌ത ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് ചിത്രം.
മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണയും 12 തവണ ഫിലിംഫെയർ പുരസ്‌കാരവും പുറമെ പത്മശ്രീ, ഹോണററി ഡോക്‌ടറേറ്റ് എന്നിങ്ങനെ അനേകം പുരസ്‌കാരങ്ങളാണ് മമ്മൂട്ടിയെന്ന മഹാനടനെ തേടിയെത്തിയത്. 1971ൽ പ്രദർശനത്തിനെത്തിയ 'അനുഭവങ്ങൾ പാളിച്ചകൾ' ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യ ചിത്രം. 1981ലാണ് മമ്മൂട്ടിക്ക് സംസ്ഥാന പുരസ്‌കാരം ആദ്യമായി ലഭിക്കുന്നത്. 'അഹിംസ' എന്ന ചിത്രത്തിലെ പ്രകടനത്തിന് സഹനടന്‍റെ മികച്ച പ്രകടനത്തിനായിരുന്നു ഈ നേട്ടം. പിന്നീട്, 1984ല്‍ അടിയൊഴുക്കുകൾ, 1985ല്‍ യാത്ര, നിറക്കൂട്ട് (പ്രത്യേക പുരസ്‌കാരം), 1989ല്‍ ഒരു വടക്കൻ വീരഗാഥ, മതിലുകൾ 1994ല്‍ വിധേയൻ, പൊന്തൻമാട 2004ല്‍ കാഴ്‌ച, 2009ല്‍ പാലേരിമാണിക്യം ഒരു പാതിര കൊലപാതകത്തിന്‍റെ കഥ എന്നിങ്ങനെയാണ് മുന്‍പ് ലഭിച്ച പുരസ്‌കാരങ്ങള്‍.
1951 സെപ്റ്റംബർ ഏഴിന് ആലപ്പുഴയിലെ ചന്തിരൂരില്‍ ജനിച്ച മമ്മൂട്ടി, കോട്ടയത്തെ വൈക്കത്തിനടുത്തുള്ള ചെമ്പിലാണ് പിച്ചവച്ചത്. സാധാരണ മുസ്‌ലിം കുടുംബാംഗങ്ങളായ ഇസ്‌മായിലിന്‍റേയും ഫാത്തിമയുടേയും മൂത്ത മകനായാണ് മലയാളക്കരയുടെ ഈ പ്രതിഭ പിറവികൊണ്ടത്. ഉമ്മയുടെ നാടായ ആലപ്പുഴയിലെ ചന്തിരൂരിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ഈ കാലത്താണ് മമ്മൂട്ടി അഭിനയമോഹം ഉള്ളില്‍ക്കൊണ്ട് നടന്നതും അതിനായി തീവ്രശ്രമം നടത്തിയതും. പില്‍ക്കാലത്ത്, എറണാകുളത്തെ ഗവൺമെന്‍റ് ലോ കോളേജിൽ നിന്ന് അഭിഭാഷകനായി. ശേഷം, മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ വക്കീലായി രണ്ട് വർഷം സേവനമനുഷ്‌ഠിച്ചു. തുടര്‍ന്നാണ്, അദ്ദേഹത്തിന്‍റെ സിനിമാപ്രവേശനം സംഭവിച്ചത്.