തിരുവനന്തപുരം : 53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് (ജൂലൈ 21) പ്രഖ്യാപിക്കും. വൈകിട്ട് 3 മണിക്ക് തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അംഗീകാരങ്ങള്‍ പ്രഖ്യാപിക്കുക. ബംഗാളി സംവിധായകന്‍ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ചിത്രങ്ങള്‍ വിലയിരുത്തിയത്.
154 സിനിമകളാണ് ആദ്യ ഘട്ടത്തിൽ പരിഗണിച്ചിരുന്നത്. രണ്ടാം ഘട്ടത്തിൽ 44 സിനിമകൾ മത്സരിച്ചപ്പോൾ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, എന്നിവരുടെ ഒന്നിലധികം സിനിമകൾ അവസാന ഘട്ടത്തിലും ശക്തമായ മത്സരം കാഴ്‌ചവച്ചതായാണ് വിവരം.
മമ്മൂട്ടി നായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബൻ നായകനായി രതീഷ് ബാലകൃഷ്‌ണ പൊതുവാൾ സംവിധാനം ചെയ്‌ത 'ന്നാ താൻ കേസ് കൊട്', തരുൺ മൂർത്തി ഒരുക്കിയ 'സൗദി വെള്ളക്ക', ഡോ. ബിജു സംവിധാനം ചെയ്‌ത ടൊവിനോ തോമസ് നായകനായ 'അദൃശ്യജാലങ്ങൾ', സണ്ണി വെയിന്‍, അനന്യ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ 'അപ്പന്‍' എന്നിവയാണ് അവസാന ഘട്ടത്തിലും മികച്ച മത്സരം കാഴ്ച്ചവച്ചത്.
ഇതിന് പുറമെ മമ്മൂട്ടി നായകനായ അമൽ നീരദ് ചിത്രം ഭീഷ്‌മപർവ്വം, രത്തീനയുടെ പുഴു എന്നിവയും പരിഗണനയിലുണ്ട്. മികച്ച കുട്ടികളുടെ സിനിമ വിഭാഗത്തിൽ അമീൻ അസ്‌ലമിന്‍റെ 'മോമോ ഇൻ ദുബായ്' മത്സര രംഗത്തുണ്ട്. ജയ ജയ ജയ ജയ ഹേ, പാൽത്തൂ ജാൻവർ, കുറ്റവും ശിക്ഷയും, ഇലവീഴാപൂഞ്ചിറ, മലയൻകുഞ്ഞ്, ശ്രീധന്യ കാറ്ററിംഗ് സർവീസ്, വഴക്ക്, കീടം, തല്ലുമാല എന്നീ ചിത്രങ്ങളും മത്സരത്തിൽ അവസാന ഘട്ടത്തിലുണ്ട്.
ബംഗാളി സംവിധായകന്‍ ഗൗതം ഘോഷിന് പുറമെ ഡോ. കെ.എം ഷീബ, വി.ജെ ജെയിംസ്, സംവിധായകൻ റോയ് പി.തോമസ്, നിർമ്മാതാവ് ബി.രാകേഷ്, സംവിധായകൻ സജാസ് റഹ്‌മാന്‍, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരൻ, നേമം പുഷ്‌പരാജ്, കെ.കെ മധുസൂദനൻ എന്നിവരാണ് അവാർഡ് ജൂറി അംഗങ്ങൾ.