തിരുവനന്തപുരം: കാര്‍ഷിക മേഖലയ്‌ക്ക് പ്രത്യേക പരിഗണന നല്‍കി സംസ്ഥാന സര്‍ക്കാരിന്‍റെ ബജറ്റ്. ആകെ 971.71 കോടി രൂപയാണ് കാര്‍ഷിക മേഖലയ്‌ക്കായി ബജറ്റില്‍ വകയിരുത്തിയത്. ഇതില്‍ 156.30 കോടി രൂപ കേന്ദ്ര സഹായമായി സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. 732.46 കോടി രൂപ വിള പരിപാലന മേഖലയ്‌ക്കായി മാറ്റി വച്ചിട്ടുണ്ട്.
നെല്‍കൃഷി വികസനത്തിനായി 95.10 കോടി രൂപയാണ് വകയിരുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഈ തുക 76 കോടിയായിരുന്നു. ആധുനിക സാങ്കേതിക വിദ്യയില്‍ അധിഷ്‌ഠിതമായ കൃഷി രീതികള്‍ക്കൊപ്പം ജൈവ കൃഷി രീതികളിലൂടെയും ഭക്ഷ്യ യോഗ്യവും സുരക്ഷിതവുമായ ഭക്ഷ്യ ഉത്‌പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ആറ് കോടി രൂപ പ്രഖ്യാപിച്ചു.
സമഗ്ര പച്ചക്കറി കൃഷി വികസനത്തിനായി 93.45 കോടി രൂപയും സുഗന്ധ വ്യഞ്ജന കൃഷിയുടെ വികസനത്തിനായി 4.60 കോടി രൂപയും വിഎഫ്‌പിസികെയ്‌ക്കായി 30 കോടി രൂപയും ഫല വര്‍ഗ കൃഷി വിപുലീകരണത്തിനായി 18.92 കോടി രൂപയും പ്രഖ്യാപിച്ചു.
സ്‌മാര്‍ട്ട് കൃഷി ഭവനുകള്‍ക്ക് 10 കോടി രൂപ, കൃഷി ദര്‍ശന്‍ പരിപാടികള്‍ക്ക് 2.10 കോടി രൂപ, 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് ആറ് കോടി രൂപ, ഫാം യന്ത്രവത്‌കരണത്തിനുള്ള സഹായ പദ്ധതിക്കായി 19.81 കോടി രൂപ, കാര്‍ഷിക കര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എട്ട് കോടി രൂപ, വിള ഇന്‍ഷുറന്‍സ് പദ്ധതിക്ക് 30 കോടി രൂപ, കുട്ടനാട് മേഖലയിലെ കാര്‍ഷിക വികസനത്തിനായി 17 കോടി രൂപ, സാങ്കേതിക സൗകര്യ വികസനത്തിന് 12 കോടി രൂപ, കാര്‍ഷിക ഉത്‌പന്നങ്ങളുടെ വിപണനം, സംഭരണം എന്നിവയ്‌ക്കായി 74.50 കോടി രൂപ എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.