തിരുവനന്തപുരം: ഗവര്‍ണര്‍ ഒപ്പിടാന്‍ തയ്യാറാകാത്ത 11 ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്ല് അവതരിപ്പിക്കാന്‍ നിയമസഭ സമ്മേളനം വിളിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 2വരെയാണ് പ്രത്യേക നിയമസഭ സമ്മേളനം. നിയമസഭ സമ്മേളിക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ ഓര്‍ഡിനന്‍സുകള്‍ ഇറക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച 11 ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറാകാത്തത്.
ഓര്‍ഡിനന്‍സുകള്‍ റദ്ദായ സാഹചര്യത്തില്‍ ഇവ പുതുക്കി വീണ്ടും ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച് അനുമതി ലഭ്യമാക്കാമെന്ന് സര്‍ക്കാര്‍ തുടക്കത്തില്‍ ആലോചിച്ചെങ്കിലും വീണ്ടും ഗവര്‍ണര്‍ ഒപ്പിടാന്‍ തയ്യാറായില്ലെങ്കില്‍ അത് വലിയ നാണക്കേടിലേക്കു പോകുമെന്ന വിലയിരുത്തലുണ്ടായി. ഈ സാഹചര്യത്തിലാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചത്.
റദ്ദായ ഓര്‍ഡിനന്‍സുകളില്‍ വിവാദമായ ലോകായുക്ത ഓര്‍ഡിനന്‍സ് കൂടി ഉള്‍പ്പെടുന്നുവെന്നതും ശ്രദ്ധേയമാണ്. അഴിമതി തെളിഞ്ഞാല്‍ പൊതു പ്രവര്‍ത്തകര്‍ വഹിക്കുന്ന സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് വിധിക്കാനുള്ള ലോകായുക്തയുടെ അധികാരം തടയുന്നതാണ് ലോകായുക്ത ഭേദഗതി. ലോകായുക്ത വിധിയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരം നല്‍കുന്നതാണ് ഭേദഗതി.
ഓര്‍ഡിനന്‍സുകളുടെ കാര്യത്തില്‍ 2016 മുതല്‍ അധികാരത്തിലിരിക്കുന്ന പിണറായി സര്‍ക്കാര്‍ റെക്കോഡാണ് സൃഷ്ടിച്ചിരിക്കുന്നത്. 2021ല്‍ മാത്രം 141 ഓര്‍ഡിനന്‍സുകള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. 2022ല്‍ ഇതുവരെ 14 ഓര്‍ഡിനന്‍സുകളാണ് പുറപ്പെടുവിച്ചത്. 2020ല്‍ 81 ഓര്‍ഡിനന്‍സുകളും 2019ല്‍ 43 ഓര്‍ഡിനന്‍സുകളും 2018ല്‍ 59 ഓര്‍ഡിനന്‍സുകളും 2017ല്‍ 41 ഓര്‍ഡിനന്‍സുകളും പിണറായി സര്‍ക്കാര്‍ പുറപ്പെടുവിച്ചു. എന്നാല്‍ പിണറായി വിജയന്‍ അധികാരത്തിലെത്തിയ 2016ല്‍ 6 ഓര്‍ഡിനന്‍സുകള്‍ മാത്രമാണ് പുറപ്പെടുവിച്ചത്.
also read:ഗവര്‍ണര്‍ ഒപ്പിടാത്ത ഓര്‍ഡിനന്‍സുകളില്‍ ബില്‍ പാസാക്കും: പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ തീരുമാനം