തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും സോഫ്റ്റ്‌വെയർ സംവിധാനത്തിലൂടെ ചൊവ്വാഴ്ച മുതല്‍ ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന്‍ (Responsible Tourism Classification) ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ഉത്തരവാദിത്വ ടൂറിസം നടപ്പാക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായാണ് വകുപ്പിന്‍റെ ഇടപെടല്‍. വിനോദസഞ്ചാരികൾക്ക് വേണ്ടത് അവർ തന്നെ തെരഞ്ഞെടുക്കാനുള്ള സംവിധാനമാണ് ഇതിലൂടെ ഒരുക്കുന്നത്.
ഈ സ്ഥാപനങ്ങള്‍ ഏതൊക്കെ ?
സംസ്ഥാനത്ത് എത്തുന്ന വിദേശ ടൂറിസ്റ്റുകൾക്ക് ഗ്രാമീണ ടൂറിസത്തെ അനുഭവിച്ചറിയാൻ എവിടെ പോകണം, ഏതൊക്കെ റിസോർട്ടിൽ നിന്നാണ് അത് സാധ്യമാവുക, ഏത് ഹോട്ടലിലാണ് നാടൻ വിഭവങ്ങളുടെ രുചി അറിയാൻ സാധിക്കുക എന്നിങ്ങനെ എല്ലാം ഈ സംവിധാനത്തിലൂടെ വിരൽത്തുമ്പിലറിയാം.
ഹോട്ടലുകളും റിസോർട്ടുകളുടെയും പ്രവർത്തനത്തിൽ എത്രത്തോളം പ്രാദേശിക പങ്കാളിത്തമുണ്ട്, നാടൻവിഭവങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ടോ, സ്ത്രീകൾക്കും ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും പ്രത്യേക പരിഗണന നൽകിയിട്ടുണ്ടോ തുടങ്ങി ആയിരത്തോളം വിവരങ്ങൾ ശേഖരിച്ചശേഷം ഉത്തരവാദിത്വ ടൂറിസം മിഷൻ സ്ഥാപനത്തെ തരംതിരിക്കും.
ആർ.ടി സിൽവർ, ആർ.ടി ഗോൾഡ്, ആർ.ടി ഡയമണ്ട് എന്നിങ്ങനെയാണ് ഹോട്ടലുകളേയും റിസോർട്ടുകളേയും തരംതിരിക്കുക. പാരിസ്ഥിതിക മേഖലയിൽ 80 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് കൂടി നൽകും.
നിലവിൽ Responsible Tourism Classification സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ള ഹോം സ്റ്റേ, ആയുർവേദ ടൂറിസം എന്നിവയും ഇനിമുതൽ ഓൺലൈൻ സംവിധാനത്തിലൂടെ അറിയാൻ കഴിയും. ഉത്തരവാദിത്വ ടൂറിസം മിഷന്‍റെ വെബ്സൈറ്റിൽ ക്ളാസിഫിക്കേഷൻ നൽകിയ സ്ഥാപനങ്ങളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകും.
ALSO READ: Shocking Visuals|മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടുപോയി ; ആനമൂളിയില്‍ വാഹനം ഒഴുക്കില്‍പ്പെട്ടു
ടൂറിസം മേഖല പുതിയ തലത്തിലേക്ക് കിടക്കുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. സുസ്ഥിര വികസനം, സാമൂഹിക ഉത്തരവാദിത്വം, സാമ്പത്തിക ഉത്തരവാദിത്വം, പാരിസ്ഥിതിക ഉത്തരവാദിത്വം തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാകും വിനോദസഞ്ചാരമേഖലയുടെ പ്രവർത്തനങ്ങളൊന്നും മന്ത്രി വ്യക്തമാക്കി.