തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മൂന്ന് ദിവസം കൂടി മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇന്ന് (ഓഗസ്റ്റ് 2) ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് (ഓഗസ്റ്റ് 2) ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കലക്‌ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയാണ് അവധി. കൊല്ലത്തും തിരുവനന്തപുരത്തും തൃശൂരും പൊതുപരീക്ഷകൾക്ക് മാറ്റമില്ല. എം.ജി, കാലടി സർവകലാശാലകൾ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
സംസ്ഥാനത്തെ മലയോര മേഖലകളിൽ ഇന്നലെ (ഓഗസറ്റ് 1) മുതൽ ശക്തമായ മഴ തുടരുകയാണ്. സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കല്ലാർകുട്ടി, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, ഇരട്ടയാർ ഡാമുകളിലാണ് റെഡ് അലർട്ട്.
വരും മണിക്കൂറില്‍ ശക്തമായ മഴ: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂര്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും ഈ രൂപത്തില്‍ മഴ പെയ്യാനാണ് സാധ്യത. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഈ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജില്ല ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.