തിരുവനന്തപുരം: കേരള പൊലീസിന്‍റെ പോല്‍-ആപ്പിന് വമ്പിച്ച സ്വീകാര്യത. ഓണാവധിക്ക് വീട് പൂട്ടി യാത്ര പോകുന്നവര്‍ പൊലീസിന്‍റെ മൊബൈല്‍ ആപ്പ് വഴി അറിയിക്കണമെന്ന നിര്‍ദേശത്തിനുള്ള മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതേത്തുടര്‍ന്ന് സെപ്റ്റംബര്‍ അഞ്ച് മുതല്‍ 13 വരെയുളള കാലയളവില്‍ 1329 പേരാണ് സംസ്ഥാനത്ത് പൊലീസിന്‍റെ മൊബൈല്‍ ആപ്പായ പോല്‍-ആപ്പ് വഴി തങ്ങള്‍ വീടുപൂട്ടി യാത്രപോകുന്ന കാര്യം പൊലീസിനെ അറിയിച്ചത്.
തിരുവനന്തപുരം ജില്ലയില്‍ ഇക്കാലയളവില്‍ 317 പേരാണ് ഈ സേവനം വിനിയോഗിച്ചത്. എറണാകുളം ജില്ലയില്‍ 164 പേരും തൃശൂരില്‍ 131 പേരും തങ്ങളുടെ വീട് പൂട്ടിയുള്ള യാത്രാവിവരം പൊലീസിനെ മൊബൈല്‍ ആപ്പ് വഴി അറിയിക്കുകയുണ്ടായി. കോഴിക്കോട് 129 പേരും കൊല്ലത്ത് 89 പേരും കണ്ണൂരില്‍ 87 പേരുമാണ് ഇക്കാലയളവില്‍ ഈ സൗകര്യം വിനിയോഗിച്ചത്.
ഓണാവധി കഴിഞ്ഞെങ്കിലും വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് ആ വിവരം പൊലീസിന്‍റെ അറിയിക്കാന്‍ തുടര്‍ന്നും മൊബൈല്‍ ആപ്പ് സൗകര്യമുണ്ടാകും. ഇതിനായി പോല്‍-ആപ്പ് എന്ന മൊബൈല്‍ ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷമാണ് ആവശ്യമായ വിവരങ്ങള്‍ നല്‍കേണ്ടത്. ഇതുവഴി പൂട്ടിക്കിടക്കുന്ന വീടിന് സമീപം അധിക സുരക്ഷ ഒരുക്കാനും പട്രോളിങ് ശക്തിപ്പെടുത്താനും സാധിക്കും.