തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ കേരള പൊലീസ് ആസ്ഥാനം അടച്ചു. പൊലീസ് ആസ്ഥാനത്തെ ഡ്രൈവര്‍ക്കും റിസപ്‌ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു എസ്ഐക്കും രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടു ദിവസത്തേക്ക് ആസ്ഥാനം അടച്ചിടാന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദേശം നല്‍കി. അണുനശീകരണത്തിനായാണ് ആസ്ഥാനം അടയ്ക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്നും നാളെയും അവധിയായതിനാല്‍ പൊലീസ് ആസ്ഥാനം അടച്ചിടുന്നത് പൊലീസിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു.
കൊവിഡ് ബാധിച്ച് ഇടുക്കിയില്‍ എസ്ഐ മരിക്കുകയും നിരവധി പൊലീസുകാര്‍ക്ക് കൊവിഡ് ബാധിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ 50 വയസ് കഴിഞ്ഞ പൊലീസ് ഉദ്യോഗസ്ഥരെ ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി കര്‍ശന നിർദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കന്‍റോണ്‍മെന്‍റ്, ഫോര്‍ട്ട്, കിളിമാനൂര്‍, വിഴിഞ്ഞം, തിരുവനന്തപുരം എസ്എപി ക്യാമ്പ് എന്നിവിടങ്ങളിലെ നിരവധി പൊലീസുകാര്‍ക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കര്‍ശന ജാഗ്രത പുലര്‍ത്താന്‍ എസ്എച്ച്ഒമാര്‍ക്കും പൊലീസ് മേധാവി നിർദേശം നല്‍കി. 50 വയസ് കഴിഞ്ഞവരെ സ്റ്റേഷനുള്ളിൽ താരതമ്യേന ലളിതമായ ഡ്യൂട്ടികളില്‍ നിയോഗിക്കണം. കൊവിഡ് പകരാന്‍ സാധ്യതയുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും ഫീല്‍ഡ് ഡ്യൂട്ടി നല്‍കരുത്. പൊലീസ് ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനുകളിലും വീടുകളിലും കൊവിഡ് മാനദണ്ഡങ്ങൾ കര്‍ശനമായി പാലിക്കണം. കൊവിഡ് ബാധിതരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായും മെച്ചപ്പെട്ടതുമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് എസ്എച്ച്ഒമാര്‍ ഉറപ്പാക്കണമെന്നും പൊലീസ് മേധാവി നിർദേശിച്ചു.