തിരുവനന്തപുരം: അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടിയടക്കം ബഹിഷ്‌കരിച്ചുള്ള പിജി ഡോക്‌ടർമാരുടെ സമരം ആറാം ദിവസത്തിലേക്ക്. ഉന്നയിച്ച മൂന്ന് ആവശ്യങ്ങളിലും അനുകൂല നിലപാട് ഉണ്ടായാൽ മാത്രമേ സമരം അവസാനിപ്പിക്കു എന്ന നിലപാടിലാണ് ഡോക്‌ടർമാർ. ഔദ്യോഗിക ചർച്ച നടത്താമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഉറപ്പ് നൽകിയിരുന്നെങ്കിലും ചർച്ചയുടെ സമയമോ തീയതിയോ ഇതുവരെ അറിയിച്ചിട്ടില്ലന്ന് ഡോക്ടർമാർ പറയുന്നു. ഔദ്യോഗിക അറിയിപ്പ് കിട്ടിയാൽ മാത്രമേ ചർച്ചയ്ക്ക് തയ്യാറാകൂ എന്നാണ് സമരക്കാരുടെ നിലപാട്.
ഇതിനിടെ നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരെ നിയമിക്കാമെന്ന് പിജി ഡോക്ടർമാർക്ക് നൽകിയ ഉറപ്പ് സർക്കാർ നടപ്പാക്കി. 307 നോണ്‍ അക്കാഡമിക് റസിഡന്‍സ്മാരെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 50, ആലപ്പുഴ 61, കോഴിക്കോട് 50, കോട്ടയം 56, തൃശൂര്‍ 50, കണ്ണൂര്‍ 33, എറണാകുളം 7 എന്നിങ്ങനെയാണ് മെഡിക്കല്‍ കോളജുകളില്‍ എന്‍എജെആര്‍മാരെ നിയമിച്ചത്. നിയമിച്ചവര്‍ ജോലിയില്‍ പ്രവേശിച്ചു തുടങ്ങി. എന്‍എജെആര്‍മാരെ 45,000 രൂപ വേതനത്തില്‍ അതത് മെഡിക്കല്‍ കോളജുകള്‍ക്ക് നിയമിക്കാനാണ് അനുമതി നല്‍കിയത്. ബാക്കിയുള്ളവരെ ഉടന്‍ തന്നെ നിയമിക്കാനുള്ള നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
ALSO READ ശബരിമല ഭണ്ഡാരത്തിലെ നോട്ടുകള്‍ ബാങ്കിലെത്തിയപ്പോള്‍ എണ്ണം കൂടി, എന്താണെന്നറിയാൻ ദേവസ്വം ബോര്‍ഡ്
ഡിസംബര്‍ ഏഴിന്‍റെ ചര്‍ച്ചയില്‍ പിജി വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു എന്‍എജെആര്‍മാരെ നിയമിക്കണമെന്നത്. അടിയന്തരമായി സര്‍ക്കാര്‍ ഇടപെടുകയും രണ്ട് ദിവസത്തിനകം ഡിസംബര്‍ 9ന് ഇവരെ നിയമിക്കാന്‍ അനുമതി നല്‍കി ഉത്തരവ് ഇറക്കുകയും ചെയ്തു. ഈ ഉത്തരവില്‍ വ്യക്തതയില്ലായെന്നും, എന്ന് നിയമിക്കുമെന്ന് അറിയില്ലായെന്നും പറഞ്ഞാണ് സമരവുമായി മുന്നോട്ട് പോയത്.
എന്നാല്‍ കൃത്യമായ വ്യക്തത വരുത്തിയാണ് ഇത്രയും കുറഞ്ഞനാള്‍ കൊണ്ട് അപേക്ഷ വിളിച്ച് ഇത്രയും പേരെ അടിയന്തരമായി നിയമിച്ചതെന്നാണ് സർക്കാർ പക്ഷം. എസ്ഇബിസി, ഇഡബ്ല്യുഎസ് സംവരണ വ്യവസ്ഥകളിന്മേലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലായതിനാലാണ് പിജി പ്രവേശനം വൈകുന്നത്. അതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. സമരക്കാര്‍ ഉന്നയിച്ച പ്രധാന ആവശ്യം പരിഹരിച്ച സ്ഥിതിക്ക് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തില്‍ നിന്നും പിന്‍മാറണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.
ALSO READ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ കൊവിഡ് ടെസ്റ്റിന് മുന്‍കൂട്ടി ബുക്ക് ചെയ്യണം