തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് വന്ന് നാല് മണിക്കൂറുകൾ പിന്നിടുമ്പോൾ ഇടതുമുന്നണിക്ക് മേല്‍ക്കൈ. കോർപ്പറേഷനുകൾ, മുനിസിപ്പിലിറ്റികൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെല്ലാം ഇടതുമുന്നണി വ്യക്തമായ മേല്‍ക്കൈ നേടി. യുഡിഎഫിന് ശക്തി കേന്ദ്രങ്ങളില്‍ തിരിച്ചടിയുണ്ടായപ്പോൾ ഗ്രാമങ്ങളില്‍ അടക്കം ബിജെപി കൂടുതല്‍ മുന്നേറ്റം നടത്തിയതാണ് ഈ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകത. തിരുവനന്തപുരം കോർപ്പറേഷനില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാണുണ്ടായത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കോർപ്പറേഷനുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയപ്പോൾ കൊച്ചിയിലും തൃശൂരും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യമില്ല. രണ്ടിടത്തും യുഡിഎഫ് കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് ശക്തമായ മുന്നേറ്റം നടത്തി. കൊച്ചിയില്‍ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ വേണുഗോപാല്‍, തിരുവനന്തപുരത്ത് എല്‍ഡിഎഫ് മേയർ സ്ഥാനാർഥികളായ ഒലീന, പുഷ്‌പലത, എന്നിവരും നിലവിലെ മേയറായ ശ്രീകുമാറും പരാജയപ്പെട്ടു. കണ്ണൂർ കോർപ്പറേഷനില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. തൃശൂരില്‍ ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ പരാജയപ്പെട്ടു.
86 മുനിസിപ്പിലിറ്റികളില്‍ 42 ഇടത്ത് യുഡിഎഫ് മുന്നേറുമ്പോൾ 38 ഇടത്താണ് എല്‍ഡിഎഫിന് മേല്‍ക്കൈയുള്ളത്. എറണാകുളം, തൃശൂർ, ഇടുക്കി, മലപ്പുറം, കാസർകോട് ജില്ലകളിലെ ഭൂരിഭാഗം മുനിസിപ്പാലിറ്റികളിലും യുഡിഎഫ് മുന്നേറുകയാണ്. അതേസമയം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലെ മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് മേല്‍ക്കൈ നേടിയിട്ടുണ്ട്. അതിനിടെ, പാലക്കാട്, പന്തളം മുനിസിപ്പാലിറ്റികളില്‍ ബിജെപി ഭരണം നേടുമെന്ന് ഉറപ്പായി. 2015ല്‍ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ മാത്രമാണ് ബിജെപിക്ക് ഭരണം ഉണ്ടായിരുന്നത്.
ആന്തൂർ, കല്യാശേരി മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് എതിരില്ലാതെ ജയിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ 511 ഇടത്താണ് എല്‍ഡിഎഫ് മുന്നേറുന്നത്. യുഡിഎഫ് 367 പഞ്ചായത്തുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. എൻഡിഎ 26 പഞ്ചായത്തുകളിലും ഭരണത്തിലെത്തുമെന്നാണ് ഫല സൂചനകൾ. ഇടതു വലതു മുന്നണികളെ പരാജയപ്പെടുത്തി ട്വൻടി ട്വൻടി. കിഴക്കമ്പലം പഞ്ചായത്തിനൊപ്പം നാല് പഞ്ചായത്തുകളിലും ഭരണത്തില്‍ നിർണായക സ്വാധീനമായി. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 110 ഇടത്തും എല്‍ഡിഎഫാണ് മുന്നേറുന്നത്. 40 ഇടത്ത് മാത്രമാണ് യുഡിഎഫിന് മുന്നേറാൻ കഴിയുന്നത്. എൻഡിഎയ്ക്ക് എവിടെയും നേട്ടമില്ല. 14 ജില്ലാ പഞ്ചായത്തുകളില്‍ ഒൻപതിടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുമ്പോൾ അഞ്ചിടത്ത് മാത്രമാണ് യുഡിഎഫിന് ലീഡ് ചെയ്യാൻ കഴിയുന്നത്. എല്‍ഡിഎഫിന്‍റേത് ഐതിഹാസിക വിജയമെന്നാണ് സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞത്.