തിരുവനന്തപുരം : നിയമസഭ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭ സമ്മേളനത്തിന് ആരംഭമാകുന്നത്. ഫെബ്രുവരി മൂന്നിന് ധനമന്ത്രി കെ എൻ ബാലഗോപാൽ അദ്ദേഹത്തിന്‍റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കും.
ഊഴം കാത്ത് പ്രതിപക്ഷം : മാർച്ച് 30ന് ബജറ്റ് പാസാക്കി പിരിയാനാണ് ഇപ്പോഴത്തെ തീരുമാനം. സഭ കലണ്ടറിലെ ഏറ്റവും നീണ്ട സമ്മേളനത്തിനാണ് നാളെ മുതൽ നിയമസഭ വേദിയാകുന്നത്. ഗവർണറും സർക്കാറും തമ്മിലെ തർക്കങ്ങളും അനുനയവും, പൊലീസ് - ഗുണ്ട ബന്ധവുമെല്ലാം ഭരണപക്ഷത്തിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. ബഫർ സോൺ, പൊലീസ് ഗുണ്ട ബന്ധം, ലഹരി മാഫിയയും സിപിഎം നേതാക്കളും തമ്മിൽ ആരോപിക്കപ്പെടുന്ന ബന്ധം തുടങ്ങിയ വിഷയങ്ങൾ സഭയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കും.
സംസ്ഥാന സർക്കാർ അയച്ച നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ അംഗീകാരം നൽകിയിരുന്നു. മാറ്റങ്ങൾ ഒന്നും നിർദേശിക്കാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗം അംഗീകരിച്ച് സംസ്ഥാന സർക്കാരിന് തിരിച്ചയച്ചത്. മുൻപ് പലവട്ടം നയപ്രഖ്യാപന പ്രസംഗത്തിന്‍റെ ഉള്ളടക്കത്തിൽ ഗവർണർ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിട്ടുണ്ട്.
അനുനയത്തോടെയുള്ള നയപ്രഖ്യാപന പ്രസംഗം : ഗവർണറെ പ്രകോപിപ്പിക്കാതെയുള്ള നയപ്രഖ്യാപന പ്രസംഗമാണ് ഇത്തവണ സർക്കാർ തയാറാക്കിയത്. കേന്ദ്രവിമർശനം കാര്യമായി ഇല്ല. സാമ്പത്തിക കാര്യങ്ങളിൽ കേരളത്തോട് അനുഭാവപൂര്‍ണമായ സമീപനം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. നവകേരള സൃഷ്‌ടിയാണ് ഇത്തവണയും നയപ്രഖ്യാപനത്തിലെ മുഖ്യപരിപാടി.
അയഞ്ഞ് സർക്കാർ : നേരത്തെ ഗവർണറോടുള്ള യുദ്ധ പ്രഖ്യാപനമായി നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കാൻ വരെ ആലോചിച്ചിരുന്നു സർക്കാർ. മന്ത്രി സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയിൽ സർക്കാറിനെ വെള്ളം കുടിപ്പിച്ച ഗവർണർ പിന്നീടാണ് പച്ചക്കൊടി കാട്ടിയത്. ഇതോടെയാണ് വിവാദം അലിഞ്ഞുതുടങ്ങിയതും നയപ്രഖ്യാപന പ്രസംഗത്തോടെ പുതിയ വർഷത്തെ സമ്മളനം തുടങ്ങാൻ സാഹചര്യമായതും.
പിടിവിടാതെ ഗവർണർ : അതേസമയം ചാൻസലർ ബില്ലിലും സർവകലാശാല നിയമഭേദഗതി ബില്ലിലും ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടില്ല. കൊണ്ടും കൊടുത്തും സമവായത്തിലെത്തിയുമുള്ള ഗവർണർ-സർക്കാർ ബന്ധം സഭയിൽ സജീവ ചർച്ചയാകും. സർക്കാറിനെതിരായ പ്രതിപക്ഷത്തിന്‍റെ വജ്രായുധം പൊലീസ്- ഗുണ്ടാബന്ധമാണ്. മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ പോലും ഗുണ്ടകൾ കിണറ്റിലിട്ടതടക്കം പ്രതിപക്ഷം ആയുധമാക്കും. എന്നാൽ ക്രിമിനൽ പൊലീസുകാർക്കെതിരായ നടപടിപ്പട്ടികയിലൂന്നിയാകും ഭരണപക്ഷത്തിന്‍റെ പ്രതിരോധം.
നിയമസഭ സമ്മേളനത്തിന്‍റെ ക്രമീകരണം : പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ജനുവരി 23ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിക്കുക. ജനുവരി 25ന് ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച നടക്കും. ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരണം.
ഫെബ്രുവരി ആറ് മുതല്‍ എട്ട് വരെയാണ് ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ച. ഫെബ്രുവരി ഒൻപതിന് ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യര്‍ഥനകളെ സംബന്ധിക്കുന്ന ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. മാര്‍ച്ച് 30 വരെയാണ് നിലവില്‍ സഭ ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്.
2020ല്‍ പൗരത്വ ഭേദഗതിക്കെതിരായ പരാമര്‍ശങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതോടെ ഗവര്‍ണര്‍ സര്‍ക്കാരുമായി ഉടക്കിയിരുന്നു. മാറ്റം വരുത്താന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. ഒടുവില്‍ സഭാസമ്മേളനം നടക്കുന്നതിന്‍റെ തലേദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ സഭയിലെത്തിയത്. വിയോജിപ്പ് രേഖപ്പെടുത്തി പ്രസംഗത്തിലെ വിവാദ ഭാഗങ്ങള്‍ വായിക്കുകയായിരുന്നു അന്ന് ഗവർണർ ചെയ്‌തത്.