തിരുവനന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 757 പേരെ സുരക്ഷിതരായി ഈ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ, 251 പേർ പുരുഷന്മാരും 296 പേർ സ്ത്രീകളും 179 പേർ കുട്ടികളുമാണ്.
തിരുവനന്തപുരത്ത് രണ്ട് ക്യാമ്പുകൾ തുറന്നു. 29 പേരെ ഇവിടേയ്ക്ക് മാറ്റിപ്പാർപ്പിച്ചു. കൊല്ലത്ത് ഒരു ദുരിതാശ്വാസ ക്യാമ്പിൽ അഞ്ച് പേരും പത്തനംതിട്ടയിൽ 10 എണ്ണത്തില്‍ 120 പേരും ആലപ്പുഴയിൽ രണ്ടെണ്ണത്തില്‍ 22 പേരുമാണുള്ളത്. കോട്ടയത്ത് 15 ക്യാമ്പുകളിലായി 177 പേരെയും മാറ്റിപ്പാർപ്പിച്ചു. എറണാകുളത്ത് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഒരു ക്യാമ്പ് തുറന്നിട്ടുണ്ട്.
ALSO READ| മഴ അതിതീവ്രം: ജാഗ്രതയോടെ കേരളം, 10 ജില്ലകളിൽ റെഡ് അലർട്ട്
ഇടുക്കിയിൽ ആറ് ക്യാമ്പുകളിലായി 105 പേരെയും തൃശൂരിൽ അഞ്ചെണ്ണത്തില്‍ 225 പേരെയും മലപ്പുറത്ത് രണ്ടെണ്ണത്തില്‍ ആറു പേരെയും മാറ്റിപ്പാർപ്പിച്ചു. വയനാട്ടിൽ മൂന്നു ക്യാമ്പുകളിൽ 38 പേരും കണ്ണൂരിൽ രണ്ടെണ്ണത്തില്‍ 31 പേരും കഴിയുന്നുണ്ട്. മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. അതിനാൽ ആവശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ ജില്ല ഭരണകൂടങ്ങൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുള്ളതിനാൽ പാലക്കാട് ജില്ലയിലെ പറമ്പിക്കുളത്തേക്കും നെല്ലിയാമ്പതിയിലേക്കുമുള്ള വിനോദയാത്രയ്ക്ക് നിരോധനമേർപ്പെടുത്തി. അട്ടപ്പാടി മേഖലയിലേക്ക് വൈകിട്ട് ആറ് മണി മുതൽ രാവിലെ ആറ് വരെ ഭാരവാഹനങ്ങളുടെ സഞ്ചാരവും നിരോധിച്ചിട്ടുണ്ട്.