തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഏഴ് ജില്ലകളിൽ ബുധനാഴ്‌ച ഓറഞ്ച് അലർട്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതേസമയം, ഇന്ന് ഓറഞ്ച് അലർട്ടിലുള്ള എറണാകുളത്തും ഇടുക്കിയിലും നാളെ ഈ മുന്നറിയിപ്പില്ല.
ALSO READ| സംസ്ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ലക്ഷദ്വീപിന് സമീപം സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് കേരളത്തിലേക്ക് നീങ്ങിയതായും സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മാന്നാർ ഉൾക്കടൽ, കൊമോറിൻ മേഖല, തെക്കൻ തമിഴ്‌നാട് തീരത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.
ജനജീവിതം താറുമാറാക്കി കൊടും മഴ : തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിലും ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക് കിഴക്കും മധ്യ ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ് ശക്തിപ്രാപിക്കും. ഈ കടൽ മേഖലകളിലേക്ക് കടക്കരുതെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത മഴ ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.
തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിക്കുന്ന സമയത്തും കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ സംസ്ഥാന സർക്കാർ ജില്ല കലക്‌ടർമാരുടെ യോഗം വിളിച്ച് ഏത് സാഹചര്യവും നേരിടാൻ നിർദേശം നൽകിയിരുന്നു.