തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഭരണഘടനാ ലംഘനമെന്ന വിമര്‍ശനം വീണ്ടുമുയര്‍ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി നല്‍കിയ വിശദീകരണവും ഗവര്‍ണര്‍ തള്ളി. ഭരണഘടനാപരമായ ചട്ടലംഘനം നിലനില്‍ക്കുന്നിടത്തോളം ഒരു വിശദീകരണവും തന്നെ തൃപ്‌തിപ്പെടുത്തില്ലെന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് തുറന്നടിച്ചു.
നിയമവിരുദ്ധമായി സര്‍ക്കാര്‍ ചെയ്ത കാര്യം പിന്‍വലിച്ചാല്‍ മാത്രമേ ഇതൊരു അടഞ്ഞ അധ്യായമാകൂ എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. സര്‍ക്കാരും താനും തമ്മില്‍ പ്രശ്‌നങ്ങളില്ല. ഇത് രണ്ട് സ്ഥാപനങ്ങള്‍ തമ്മിലുള്ള ഈഗോയുടെ പ്രശ്‌നവുമല്ല. ഭരണഘനാപരമായ കാര്യങ്ങള്‍ പാലിക്കാതിരുന്നത് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. സര്‍ക്കാര്‍ നല്‍കിയ വിശദീകരണം മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇന്ന് രാവിലെ ചീഫ് സെക്രട്ടറി ടോം ജോസ് നേരിട്ടെത്തിയാണ് ഗവര്‍ണര്‍ക്ക് ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയത്. പൗരത്വ ഭേദഗതി നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് ചീഫ് സെക്രട്ടറി വ്യക്തമാക്കുകയും ചെയ്‌തിരുന്നു. അതിന് പിന്നാലെയാണ് വിശദീകരണം തള്ളിയതായി ഗവര്‍ണറുടെ പരസ്യ പ്രതികരണം.