തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം വാരാഘോഷത്തിന് തിങ്കളാഴ്ച (12.09.2022) സമാപനം. സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന വാരാഘോഷത്തിന് സമാപനമാകുന്നത്. വൈകിട്ട് അഞ്ച് മണിക്ക് മാനവീയം വീഥിയില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
ഇന്ത്യയുടെയും കേരളത്തിന്‍റെയും വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങള്‍ക്കും കലാരൂപങ്ങള്‍ക്കും വാദ്യാഘോഷങ്ങള്‍ക്കുമൊപ്പം കേരള പൊലീസിന്‍റെ അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്‍ഡുകളും ഘോഷയാത്രയില്‍ അണിനിരക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സഹകരണ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങള്‍ ഘോഷയാത്രയില്‍ പങ്കാളികളാകും.
പത്ത് ഇതര സംസ്ഥാനങ്ങളിലെയും കേരളത്തിലെയും തനത് കലാരൂപങ്ങള്‍ ഉള്‍പ്പെടെ എണ്‍പതോളം കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്ക് മിഴിവേകും. ആകെ 76 ഫ്ലോട്ടുകളും 77 കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി അണിനിരക്കും. മുത്തുക്കുടയുമായി എന്‍സിസി കേഡറ്റുകള്‍ ഘോഷയാത്രയുടെ മുന്നിലുണ്ടാകും.
യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ നിര്‍മിച്ചിരിക്കുന്ന വിവിഐപി പവലിയനിലാകും മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ ഘോഷയാത്ര വീക്ഷിക്കുക. പബ്ലിക് ലൈബ്രറിയുടെ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന വിഐപി പവലിയനില്‍ ഇരുന്നൂറോളം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഘോഷയാത്ര വീക്ഷിക്കാനുള്ള സൗകര്യമൊരുക്കും. ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങള്‍ക്കും സാമൂഹ്യ നീതി വകുപ്പിന്‍റെ കീഴിലുള്ള കെയര്‍ ഹോമിലെ അന്തേവാസികള്‍ക്കും ഘോഷയാത്ര വീക്ഷിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി കര്‍ശനമായ സുരക്ഷ ക്രമീകരണങ്ങളാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 22 സിഐമാരുടെയും 75 എസ്ഐമാരുടെയും നേതൃത്വത്തില്‍ ആയിരത്തോളം പൊലീസുകാര്‍, 200 വനിത പൊലീസ്, ഷാഡോ, മഫ്‌തി പൊലീസുകാര്‍ എന്നിവരും മുഴുവന്‍ സമയ ഡ്രോണ്‍ നിരീക്ഷണവും ഉണ്ടാകും. വൈകിട്ട് ഏഴ് മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന ഓണം വാരാഘോഷ സമാപന സമ്മേളനം വിനോദസഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
Also read: പത്തനംതിട്ടയില്‍ വര്‍ണോജ്വലമായ ഓണാഘോഷം; നൃത്തച്ചുവടുകളുമായി ഇതര സംസ്ഥാന കലാസംഘങ്ങളും