തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്‍റെ സര്‍വീസ് കാലാവധി നീട്ടി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഡിജിപിയായി അനില്‍കാന്ത് ചുമതലയേറ്റ 01.07.2021 മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്.
2022 ജനുവരി 31 വരെയായിരുന്നു സര്‍വീസ് കാലാവധി. ഇതോടെ 2023 ജൂണ്‍ 30 വരെ അനില്‍കാന്ത് ഡിജിപിയായി തുടരും. ലോക്‌നാഥ് ബെഹറ വിരമിച്ചപ്പോഴാണ് അനില്‍കാന്തിനെ ഡിജിപിയായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്.
20 ലക്ഷം പേര്‍ക്ക് തൊഴില്‍
അഭ്യസ്തവിദ്യരായ തൊഴിലില്ലാത്തവര്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിന് കെ-ഡിസ്‌കിന് കീഴിലുള്ള കേരള നോളജ് ഇക്കോണമി മിഷന്‍ നടപ്പാക്കുന്ന പദ്ധതിരേഖ തത്വത്തില്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു. 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഉദേശിച്ചിട്ടുള്ളതാണ് പദ്ധതി. വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുകയും നടപടിക്രമങ്ങള്‍ പാലിച്ച് സര്‍ക്കാരിന്‍റെ അംഗീകാരം നേടുകയും ചെയ്യണം.
ബജറ്റ് തുകയ്ക്ക് പുറമെയുള്ള ധനകാര്യ വിഹിതം കണ്ടെത്തുന്നതിന് ലോക ബാങ്ക്, ഏഷ്യന്‍ ഡവലപ്പ്മെന്‍റ് ബാങ്ക്, ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നിവരുമായി ധനസമാഹരണ മാര്‍ഗങ്ങള്‍ ആരായാനും ധനകാര്യവകുപ്പിന്‍റെ അംഗീകാരത്തോടെയും കേന്ദ്ര ധനകാര്യവകുപ്പിന്‍റെ അനുമതിയോടെയും പ്രാഥമിക കൂടിയാലോചന ആരംഭിക്കാനുമുള്ള കെ-ഡിസ്‌കിന്‍റെ അഭ്യര്‍ഥന അംഗീകരിക്കാനും തീരുമാനിച്ചു.
മറ്റ് മന്ത്രിസഭാ തീരുമാനങ്ങള്‍
തസ്തിക സൃഷ്ടിച്ചു
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള ഇന്‍റര്‍ യൂണിവേഴ്‌സിറ്റി സെന്‍റര്‍ ഫോര്‍ ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് സ്റ്റഡീസില്‍ ഡയറക്ടര്‍, പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്‍റ് പ്രൊഫസര്‍ എന്നിവയുടെ ഓരോ തസ്തിക വീതം സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ലാന്‍ഡ് റവന്യൂ വകുപ്പ് പുനസംഘടനയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതും 31.03.2021 വരെ തുടര്‍ച്ചാനുമതിയില്‍ പ്രവര്‍ത്തിച്ചുവരുന്നതുമായ 1,244 താത്ക്കാലിക തസ്തികകള്‍ 01.04.2021 മുതല്‍ സ്ഥിരം തസ്തികകളാക്കി മാറ്റാന്‍ തീരുമാനിച്ചു.
സുപ്രീംകോടതി സ്റ്റാന്‍ഡിംഗ് കോണ്‍സല്‍
ഹര്‍ഷദ് വി ഹമീദിനെ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ കേസുകള്‍ വാദിക്കുന്നതിനുള്ള സ്റ്റാന്‍ഡിങ് കോണ്‍സലായി നിയമിക്കാന്‍ തീരുമാനിച്ചു.
സര്‍ക്കാര്‍ ഗ്യാരന്‍റി
കേരള കരകൗശല വികസന കോര്‍പ്പറേഷന് കേരള ബാങ്കില്‍ നിന്നും വായ്പ ലഭിക്കുന്നതിന് ആവശ്യമായ 5 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്‍റി അനുവദിക്കാന്‍ തീരുമാനിച്ചു.
നിയമപരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ടിന് അംഗീകാരം
കേരള നിയമപരിഷ്‌ക്കരണ കമ്മിഷന്‍റെ 15-ാമത് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു. 2021 ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ ഭേദഗതികളോടെ അംഗീകരിച്ചു.
ചട്ടം രൂപീകരിക്കും
കേരള ബഡ്സ് ആക്ട് സെക്ഷന്‍ 38 (1) പ്രകാരം കേരള ബാനിംഗ് ഓഫ് അണ്‍ റഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം ചട്ടങ്ങള്‍ 2021 രൂപീകരിക്കാന്‍ തീരുമാനിച്ചു.