തിരുവനന്തപുരം : ഗതാഗത മേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി 2023-24 വര്‍ഷത്തേക്ക് 2080.74 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. തുറമുഖം, ലൈറ്റ് ഹൗസ്, ഷിപ്പിങ് മേഖലകള്‍ക്കായി 80.13 കോടി രൂപ വകയിരുത്തി. ആലപ്പുഴ മറീന പോര്‍ട്ടിനായി അഞ്ച് കോടി രൂപയും, കേരള മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് കോടി രൂപയും വകയിരുത്തി.
അഴീക്കല്‍, ബേപ്പൂര്‍, കൊല്ലം, വിഴിഞ്ഞം, പൊന്നാനി തുടങ്ങിയ തുറമുഖങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി 40.50 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. വടക്കന്‍ കേരളത്തിന്‍റെ തുറമുഖ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അഴീക്കലില്‍ മലബാര്‍ ഇന്‍റര്‍നാഷണല്‍ പോര്‍ട്ട് ആന്‍റ് സെസ് ലിമിറ്റഡ് എന്ന പേരില്‍ ആരംഭിക്കുന്ന പദ്ധതിക്കായി 9.74 കോടി രൂപ വകയിരുത്തി. 3698 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.
ദേശീയ പാത ഉള്‍പ്പടെയുള്ള റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1144.22 കോടി രൂപയാണ് വകയിരുത്തിയത്. സംസ്ഥാന പാതകളുടെ വികസനത്തിനായി 75 കോടി രൂപയും ജില്ല റോഡുകളുടെ വികസനത്തിനായി 288.27 കോടി രൂപയും വകയിരുത്തി. 82 കിലോമീറ്റര്‍ ദൂരമുള്ള പുനലൂര്‍-പൊന്‍കുന്നം റോഡിന്‍റെ നിലവാരം ഉയര്‍ത്തുന്ന പ്രവര്‍ത്തികള്‍ നടത്താനായി 765.44 കോടി മാറ്റിവച്ചു.
റെയില്‍വേ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 12.10 കോടിയും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്ക് 10.51 കോടി രൂപയും കേന്ദ്ര റോഡ് ഫണ്ട് പ്രവൃത്തികള്‍ക്കായി 61.85 കോടി രൂപയും വകയിരുത്തി. റോഡ് ഗതാഗത മേഖലയ്ക്കായി 184.07 കോടി രൂപയാണ് മാറ്റിവച്ചത്. കെഎസ്‌ആര്‍ടിസിക്ക് 131 കോടി രൂപയും മോട്ടോര്‍ വാഹന വകുപ്പിന് 44.07 കോടി രൂപയും നീക്കിവച്ചു.
കെഎസ്‌ആര്‍ടിസി ബസുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനായി 75 കോടിയാണ് വകയിരുത്തിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റേഷനുകള്‍ നിര്‍മിക്കാനായി 20 കോടി വകയിരുത്തി. ഉള്‍നാടന്‍ ജലഗതാഗതത്തിനായി 141.66 കോടി രൂപയും പുതിയ ഗതാഗത ബോട്ടുകള്‍ വാങ്ങാന്‍ 24 കോടി രൂപയും ചരക്ക് നീക്കുന്നതിന് ബാര്‍ജുകള്‍ നിര്‍മിക്കാനായി 2.50 കോടി രൂപയും പുതിയ ക്രൂയിസ് വെസല്‍ നിര്‍മിക്കാന്‍ നാല് കോടി രൂപയും വകയിരുത്തി.