തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ വിതരണം ചെയ്യുന്ന 1,600 രൂപ ക്ഷേമ പെന്‍ഷനില്‍ ഇത്തവണ വര്‍ധവില്ല. 62 ലക്ഷം പേരാണ് ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നത്. 50.66 ലക്ഷം പേര്‍ക്ക് പ്രതിമാസം 1,600 രൂപ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കി വരുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി. സ്വന്തമായി വരുമാനം ഇല്ലാത്ത ക്ഷേമനിധി ബോര്‍ഡുകളിലെ 6.73 ലക്ഷം അംഗങ്ങള്‍ക്ക് ക്ഷേമനിധി ബോര്‍ഡും പെന്‍ഷന്‍ നല്‍കുന്നു.
വരുമാനമുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ വഴി 4.28 പേരാണ് ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നത്. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കാനായി സര്‍ക്കാര്‍ രൂപീകരിച്ച കമ്പനി നടത്തുന്ന താത്‌കാലിക കടമെടുപ്പ് സര്‍ക്കാരിന്‍റെ പൊതു കടമായി കേന്ദ്രസര്‍ക്കാര്‍ കണക്കാക്കുന്നു എന്നും ഇത് സര്‍ക്കാരിന്‍റെ അനുവദനീയമായ കടമെടുപ്പ് പരിധിയില്‍ കുറവുണ്ടാക്കുന്നു എന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്‍റെ ഈ നിലപാട് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണെന്നും മന്ത്രി ആരോപിച്ചു.
അനര്‍ഹരെ ഒഴിവാക്കി സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ പദ്ധതി വിപുലീകരിക്കുമെന്നും ദുരുപയോഗപ്പെടുത്തുന്നത് തടയുമെന്നും മന്ത്രി വ്യക്തമാക്കി.