തിരുവനന്തപുരം: സംസ്ഥാനത്ത് ക്രൂയിസ് ടൂറിസം പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കടല്‍ യാത്രകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഗോവ, മംഗലാപുരം, ബേപ്പൂര്‍, കൊച്ചി, കൊല്ലം, കോവളം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടാണ് ക്രൂയിസ് പദ്ധതി നടപ്പാക്കുക.
കടലും കായലും കരയും കാടും ചേരുന്ന ടൂറിസം പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുക. ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ഹെലികോപ്റ്റർ - ചെറുവിമാന സർവ്വീസുകള്‍ക്ക് എയർസ്ട്രിപ്പ് സ്ഥാപിക്കും. പദ്ധതിക്കായി അഞ്ച് കോടി വകയിരുത്തിയതായും മന്ത്രി പറഞ്ഞു.
വിനോദ സഞ്ചാര മേഖലയ്ക്ക് 362.15 കോടിയുടെ പദ്ധതികളാണുള്ളത്. ചാമ്പ്യൻസ് ബോട്ട് ലീഗ് 15 കോടി. കാരവൻ ടൂറിസം 5 കോടി. കൊല്ലം പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിച്ച് പുതിയ ടൂറിസം സർക്യൂട്ട്. ആലപ്പുഴ തുറമുഖത്തെ വിനോദസഞ്ചാരകേന്ദ്രമാക്കി ഉയർത്താൻ രണ്ടര കോടി തുടങ്ങിയവയാണ് ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങള്‍.