തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാകാൻ ഒരുങ്ങി കേരളം. സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനം നാളെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. പൊതുവിദ്യാലയങ്ങൾ ഡിജിറ്റൽ ആകുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പൊതു വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുകൾ സജ്ജമാക്കി കഴിഞ്ഞു.
16,027 സ്‌കൂളുകളിലായി 3,74, 274 ഡിജിറ്റൽ ഉപകരണങ്ങൾ സ്‌മാർട്ട് ക്ലാസ് റൂം പദ്ധതിയ്ക്കായി വിതരണം ചെയ്‌തു. ഒന്നാം ഘട്ടത്തിൽ ഒന്നു മുതൽ ഏഴു വരെയുള്ള സ്‌കൂളുകൾ ഹൈടെക് ലാബുകളുള്ള സ്‌കൂളുകളായും എട്ടു മുതൽ പന്ത്രണ്ടു വരെയുള്ള 45000 ക്ലാസ് മുറികള്‍ ഹൈടെക് ആയും മാറി കഴിഞ്ഞു. കൈറ്റിന്‍റെ (കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) നേതൃത്വത്തിൽ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതിയിലൂടെ പൊതു വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക നിലവാരം വർധിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.