തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം. രാത്രി എട്ടിനും പത്തിനും ഇടയിൽ മാത്രമെ പടക്കം പൊട്ടിക്കാൻ അനുവദിക്കു. ക്രിസ്‌തുമസിനും ന്യൂ ഇയറിനും പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഉണ്ട്. രാത്രി 11.55 നും 12.30നും ഇടയിൽ പടക്കം പൊട്ടിക്കാനാണ് അനുമതി. ഹരിത ട്രിബ്യൂണൽ ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് സർക്കാർ ഉത്തരവ്.
വായൂമലിനീകരണം അപകടകരമായ നിലയിലേക്ക് വർധിക്കുന്ന സാഹചര്യത്തിലായിരുന്നു ട്രിബ്യൂണൽ ഉത്തരവ്. വായു നിലവാരം ഏറ്റവും മോശമായ സ്ഥലകളിൽ ദീപാവലിക്ക് പടക്കം ഉപയോഗിക്കുന്നത് പൂർണമായി വിലക്കിയിട്ടുണ്ട്. എന്നാൽ തൃപ്‌തികരമായ വായു നിലവാരമുള്ള സ്ഥലങ്ങളിൽ സംസ്ഥാന സർക്കാർ നിർദേശിക്കുന്ന രണ്ടു മണിക്കൂർ സമയം പടക്കം പൊട്ടിക്കാമെന്നും ട്രിബ്യൂണൽ നിർദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പടക്കം പൊട്ടിക്കാനുള്ള സമയം സംസ്ഥാന സർക്കാർ നിശ്ചയിച്ചത്.