തിരുവനന്തപുരം: കേരള നിയമസഭ മന്ദിരത്തിന്‍റെ 25 -ാം വാർഷികം ഈ മാസം 22ന് നടക്കും. ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ വച്ച് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാവിലെ 10.30 ന് നിർവ്വഹിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ അറിയിച്ചു. ഉപരാഷ്ട്രപതിയുടെ ആദ്യ കേരള സന്ദർശനം കൂടിയാണ് ഇത്.
സിൽവർ ജൂബിലിയുടെ ഭാഗമായി ജനുവരിയിൽ നടത്തിയ അന്താരാഷ്ട്ര പുസ്‌തകോത്സവം സംബന്ധിച്ച് തയ്യാറാക്കിയ സുവനീറിൻ്റെ പ്രകാശനവും ചടങ്ങിൽ നിർവഹിക്കും. നിലവിലുള്ള എംഎൽഎമാർക്ക് പുറമേ മുൻ എംഎൽഎമാരെയും മുൻ നിയമസഭ ജീവനക്കാരെയും പരിപാടിയിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ചേരുന്ന മുൻ നിയമസഭാംഗങ്ങളുടെ കൂട്ടായ്‌മയിൽ കേരള മുൻ മുഖ്യമന്ത്രിമാരെയും സ്‌പീക്കർമാരെയും ആദരിക്കും. ചടങ്ങിൽ അഖിലേന്ത്യ മാസ്റ്റേഴ്‌സ് മീറ്റുകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ പിറവം മുൻ എംഎൽഎ എം ജെ ജേക്കബിനെയും ആദരിക്കും. ശേഷം നിയമസഭാംഗങ്ങളുടെയും ജീവനക്കാരുടെയും മറ്റ് കലാകാരന്മാരുടെ വിവിധ കലാപരിപാടികളും സിൽവർ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കും.
ഉദ്‌ഘാടനം ചെയ്‌തത് കെ ആർ നാരായണൻ: 1998 മെയ് 22ന് ഇ കെ നായനാർ മന്ത്രിസഭ മുതലാണ് പുതിയ നിയമസഭ മന്ദിരo പ്രവർത്തനമാരംഭിച്ചത്. എൻ വിജയകുമാറായിരുന്നു അന്നത്തെ സ്‌പീക്കർ. അന്നത്തെ രാഷ്ട്രപതി കെ ആർ നാരായണനായിരുന്നു പുതിയ നിയമസഭ മന്ദിരം ഉദ്ഘാടനം ചെയ്‌തത്. ചീഫ് ആർക്കിടെക് രാമസ്വാമി അയ്യറാണ് മന്ദിരം രൂപകൽപ്പന ചെയ്‌തത്.
1998 ജൂൺ 30നാണ് പുതിയ മന്ദിരത്തിൽ ആദ്യമായി നിയമസഭ സമ്മേളനം നടന്നത്. 1979 ലാണ് നിയമസഭ മന്ദിരത്തിന്‍റെ പണി ആരംഭിച്ചത്. പുതിയ ഹൈക്കോടതി എറണാകുളത്ത് നിർമിക്കുന്നത് വരെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ കെട്ടിടമായിരുന്നു നിയമസഭ മന്ദിരം.
നിയമസഭ മന്ദിരത്തിന്‍റെ പ്രധാന കവാടവും മന്ദിരത്തിന് മുകളിലുള്ള കുംഭഗോപുരവും കേരള വാസ്‌തു നിർമ്മാണ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. 8 നിലയിലുള്ള നിയമസഭ മന്ദിരം 61760 ചതുരശ്ര മീറ്ററിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. 16 മീറ്റർ ഉയരമുള്ള കവാടം ഗവർണറുടെ സന്ദർശനം പോലുള്ള ആചാരപരമായ അവസരങ്ങളിൽ മാത്രമേ തുറക്കുകയുള്ളൂ.
സ്‌പീക്കർ, ഡെപ്യൂട്ടി സ്‌പീക്കർ, നിയമസഭ സെക്രട്ടറി എന്നിവർക്ക് താമസിക്കാനുള്ള കെട്ടിടങ്ങളും നിയമസഭ മന്ദിരത്തിനുള്ളിലാണ് ഉള്ളത്. 8 നിലകളിൽ 3 നിലകൾ തറ നിരപ്പിന് താഴെയും 5 നിലകൾ തറ നിരപ്പിന് മുകളിലും ആയാണ് പണി കഴിപ്പിച്ചിരിക്കുന്നത്. 1340 ചതുരശ്ര മീറ്റർ വിസ്‌തീർണം ഉള്ള നിയമസഭ ഹാളിന് 29 മീറ്റർ ഉയരവും 189 ഇരിപ്പിടങ്ങളും ആണ് സജ്ജീകരിച്ചിരിക്കുന്നത്.
ALSO READ: എസ്എഫ്ഐ ആൾമാറാട്ടം: നടപടി കടുപ്പിക്കാനൊരുങ്ങി കേരള സർവകലാശാല, യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കിയേക്കും