തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് ഇന്ന് തുടക്കം. 53 വർഷത്തിന് ശേഷം ഉമ്മൻ ചാണ്ടിയില്ലാത്ത ആദ്യ നിയമസഭ സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. ആദ്യ ദിനം, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമനും അനുശോചനം രേഖപ്പെടുത്തി സഭ പിരിയും.
മിത്ത് വിവാദം, സർക്കാരിന്‍റെ പുതിയ മദ്യ നയം, എഐ ക്യാമറ പദ്ധതി, തുടർച്ചയായി ഉണ്ടാകുന്ന തെരുവുനായ ആക്രമണങ്ങൾ, സെമി ഹൈസ്‌പീഡ് റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇ ശ്രീധരന്‍ നല്‍കിയ റിപ്പോർട്ട്, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കാനാണ് സാധ്യത.
അതേസമയം മിത്ത് വിവാദത്തിൽ എന്ത് നിലപാട് സ്വീകരിക്കണം എന്നത് തീരുമാനിക്കാൻ യുഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗം ചേരും. വിഷയം സജീവമാക്കി നിർത്തണോ എന്ന കാര്യം യോഗത്തിൽ തീരുമാനിക്കും. മിത്ത് വിവാദത്തിൽ സ്‌പീക്കർ എഎൻ ഷംസീർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നാളെ യുവമോർച്ച നിയമസഭയിലേക്ക് മാർച്ച് നടത്തുന്നുണ്ട്.
ഇന്ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനം 24 വരെ നീളും. ശമ്പളവും ആനുകൂല്യങ്ങളും ഭേദഗതി ബില്‍, കേരള സഹകരണ സംഘം ഭേദഗതി ബില്‍, കേരള മോട്ടോര്‍ തൊഴിലാളി ന്യായ വേതന ഭേദഗതി ബില്‍, ശ്രീ പണ്ടാരവക ഭൂമി ഭേദഗതി ബില്‍, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ഭേദഗതി ബില്‍, കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഭേദഗതി ബില്‍, അബ്‌കാരി ഭേദഗതി ബില്‍, കേരള മെഡിക്കല്‍ വിദ്യാഭ്യാസ ഭേദഗതി ബില്‍, ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് ഭേദഗതി ബില്‍, ഇന്ത്യന്‍ പങ്കാളിത്ത ഭേദഗതി ബില്‍ എന്നിവയാണ് പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനത്തിൽ പരിഗണിക്കുന്നത്.
കേരള ലൈവ് സ്റ്റോക്ക് ആന്‍ഡ് പൗള്‍ട്രി ഫീഡ് ആന്‍ഡ് മിനറല്‍ മിക്‌സ്‌ചര്‍ ബില്‍, കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ എന്നിങ്ങനെ സെലക്‌ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള ബില്ലുകളും സഭയിൽ പരിഗണിക്കുമെന്ന് സ്‌പീക്കർ എഎൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരായ അത്രിക്രമം തടയുന്നതിന് കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബിൽ, കേരള നികുതി ഭേദഗതി ഓര്‍ഡിനന്‍സിന് പകരമുള്ള ബിൽ എന്നിവയും നിയമസഭ സമ്മേളനത്തിൽ പരിഗണിക്കും.