തിരുവനന്തപുരം : സോളാർ ഗൂഢാലോചനയില്‍ നിയമസഭയില്‍ ഇന്ന് അടിയന്തര പ്രമേയ ചർച്ച(Kerala Assembly Session Solar case). ഒരു മണിക്കാണ് ചർച്ച തുടങ്ങുന്നത്. ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയത്തില്‍ സഭ നിർത്തി വച്ചാണ് ചർച്ച നടക്കുക. 15-ാം കേരള നിയമസഭയുടെ 9-ാം സമ്മേളനം ഇന്ന് പുനരാരംഭിച്ചപ്പോഴാണ് അടിയന്തര പ്രമേയമായി സോളാർ ഗൂഢാലോചന വന്നത്.
പ്രതിപക്ഷ നീക്കത്തിൻ്റെ മുനയൊടിച്ച് ഭരണ പക്ഷം: സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കടുക്കാൻ ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോർട്ട് ആയുധമാക്കി ഭരണ പക്ഷത്തെ വെട്ടിലാക്കാനുള്ള നീക്കമാണ് അടിയന്തര പ്രമേയ ചർച്ചയ്ക്ക് അനുമതി നല്‍കിയതിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇല്ലാതാക്കിയത്. ' ഇതു സംബന്ധിച്ച് സിബിഐ കോടതിക്കു നൽകിയ റിപ്പോർട്ട് സർക്കരിനു ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച മാധ്യമ വാർത്തകൾ മാത്രമാണ് പുറത്തു വന്നിട്ടുള്ളത്. സർക്കാരിന് ഇതു സംബന്ധിച്ച് യാതൊരു വിവരവുമില്ല'. എങ്കിലും വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ചർച്ചയാകാമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.
ആയുധമാക്കി പ്രതിപക്ഷം: സോളാര്‍ ലൈംഗികാരോപണത്തില്‍ പുറത്ത് വന്ന സിബിഐ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്ന കാര്യം പുറത്ത് വന്നതിന് ശേഷം ചേരുന്ന ആദ്യ നിയമസഭ സമ്മേളനത്തില്‍ തന്നെ വിഷയം സർക്കാരിന് എതിരായ ആയുധമാക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചത്. ഉമ്മൻചാണ്ടിയുടെ മകൻ പുതുപ്പള്ളി എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്‌ത ദിവസം തന്നെയാണ് സോളാർ കേസില്‍ ഉമ്മൻചാണ്ടിക്ക് എതികെ ഗൂഢാലോചന നടന്നുവെന്ന വിഷയത്തില്‍ ചർച്ച നടത്തുന്നത് എന്നതും യാദൃശ്‌ചികതയായി.
അതേസമയം, സഭ നടപടികള്‍ ആരംഭിച്ച് രാവിലെ ചോദ്യോത്തര വേളക്ക് ശേഷം ചാണ്ടി ഉമ്മന്‍ നിയമസഭയിലെത്തി സത്യപ്രതിജ്ഞ ചെയ്‌തു. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ചാണ്ടി ഉമ്മന്‍ തന്‍റെ ആദ്യ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 37,719 വോട്ടുകള്‍ക്കായിരുന്നു ചാണ്ടി ഉമ്മന്‍ വിജയിച്ചത്. രാവിലെ 7.20 ന് തന്നെ പുതുപ്പള്ളി ഹൗസില്‍ നിന്നും പുറപ്പെട്ട ചാണ്ടി ഉമ്മന്‍ ആറ്റുകാല്‍ ക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം പാളയം ഇമാമിനെയും കണ്ടിരുന്നു. ഇന്നലെ രാത്രി വെട്ടുകാട് പള്ളിയിലും ചാണ്ടി ഉമ്മന്‍ സന്ദര്‍ശനം നടത്തിയിരുന്നു.
നാല് ദിവസത്തേക്കാണ് നിയമസഭ സമ്മേളനം ചേരുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പരിഗണിച്ചാണ് നിയമസഭ സമ്മേളനം താത്കാലികമായി പിരിഞ്ഞത്. പുതുപ്പള്ളിയിലെ വന്‍ വിജയത്തിന് ശേഷം സഭയിലേക്ക് എത്തുന്ന പ്രതിപക്ഷം സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി യുഡിഎഫിന്‍റെ ഏകോപന സമിതി യോഗം 13 ന് ചേരാനിരിക്കുകയാണ്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇന്ന് ഇ ഡി ചോദ്യം ചെയ്യാന്‍ വിളിച്ചതിനെ തുടര്‍ന്ന് എ സി മൊയ്തീൻ ഇന്ന് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കില്ല. ഇതും ഇന്നത്തെ സഭ സമ്മേളനത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ചര്‍ച്ചയാക്കാന്‍ സാധ്യതയുണ്ട്.
സോളാര്‍ കേസില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഉണ്ടായ ലൈംഗികാരോപണത്തില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ പങ്കും ഇന്നലെ വലിയ ചര്‍ച്ചയായിരുന്നു. ഗണേഷിനെതിരെ യുഡിഎഫ് നേതാക്കള്‍ പരസ്യമായി ഇന്നലെ രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ എല്‍ഡിഎഫ് നിലപാട് ഇന്നത്തെ സഭ സമ്മേളനത്തില്‍ വ്യക്തമാകും.