തിരുവനന്തപുരം: ഹോട്ടൽ ജീവനക്കാർക്ക് ഏർപ്പെടുത്തിയ ഹെൽത്ത് കാർഡ് പണം വാങ്ങി പരിശോധനയില്ലാതെ വിതരണം ചെയ്‌ത സംഭവത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി പ്രതിപക്ഷം. മുന്‍ ഭക്ഷ്യമന്ത്രിയും പിറവം എംഎല്‍എയുമായ അനൂപ് ജേക്കബാണ് നോട്ടിസ് നല്‍കിയത്. ആരോഗ്യ സുരക്ഷ വകുപ്പുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു.
'കൃത്യമായ പരിശോധനയില്ലാതെ മുഖത്ത് പോലും നോക്കാതെ സെക്യൂരിറ്റി ക്യാബിനിലിരുന്ന് ഹെൽത്ത് കാർഡ് നൽകുകയാണ്. 300 രൂപ കൈക്കൂലി വാങ്ങി ദോശ ചുടുന്നത് പോലെ ഹെൽത്ത് കാർഡ് നൽകുന്ന സ്ഥിതിയാണ്. ഇത് സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിൻ്റെ ശരിയായ ചിത്രം വ്യക്തമാക്കുന്നു. പ്രഖ്യാപനം നടത്തുന്നതല്ലാതെ ഒന്നും വകുപ്പിൽ നടക്കുന്നില്ല. ഇതുവരെ വിതരണം ചെയ്‌ത ഹെൽത്ത് കാർഡുകളെല്ലാം 100% കൃത്യമാണോ എന്ന് മന്ത്രിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമോ' എന്നും അനൂപ് ജേക്കബ് ചോദിച്ചു.
അട്ടിമറി നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്ന് മന്ത്രി: ഹെല്‍ത്ത് കാര്‍ഡ് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് സഭയെ അറിയിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ 11 വര്‍ഷമായുള്ള നിയമം കര്‍ശനമായി നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സുരക്ഷിത ഭക്ഷണം കിട്ടുന്ന ഇടമായി കേരളത്തെ മാറ്റും. നിയമം നടപ്പിലാക്കുന്നതിനായി പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നും പ്രശ്‌നത്തെ സാമാന്യവത്‌ക്കരിക്കരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
'മന്ത്രി ലാഘവബുദ്ധിയോടെ മറുപടി നല്‍കുന്നുവെന്ന് പ്രതിപക്ഷ നേതാവ്': വിഷയത്തില്‍ തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് ആരോഗ്യ വകുപ്പിനെയും ഭക്ഷ്യ സുരക്ഷ വകുപ്പിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സംവിധാനമില്ല. മണത്ത് നോക്കിയുള്ള പരിശോധനയാണ് നടക്കുന്നത്.
ഹോട്ടലുകള്‍ രജിസ്ട്രേഷന്‍ നടത്തുന്നില്ല. ഹോട്ടലുകളുടെയും തൊഴിലാളികളുടെയും കൃത്യമായ വിവരങ്ങളുള്ള ഡേറ്റ ബേസ് പോലും വകുപ്പിന്‍റെ കൈവശമില്ല. പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്കുള്ള കൃത്യമായ മറുപടി മന്ത്രി നല്‍കുന്നില്ല.
വളരെ പ്രധാനപ്പെട്ട ഒരുവിഷയത്തില്‍ വളരെ ലാഘവ ബുദ്ധിയോടെ മന്ത്രി മറുപടി പറയുന്നത് വളരെ നിര്‍ഭാഗ്യകരമാണ്. ആരോഗ്യ വകുപ്പിലും സ്ഥിതി ഇതുതന്നെയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പിതാവിന്‍റെ മൃതദേഹം വാങ്ങാനെത്തിയ യുവാവിനെ മര്‍ദിക്കുകയാണ് അവിടുത്തെ ജീവനക്കാര്‍ ചെയ്‌തത്. ഇതാണ് വകുപ്പിലെ അവസ്ഥയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.