തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം തിങ്കളാഴ്ച മുതൽ ആരംഭിക്കും. സ്കൂള്‍ തുറക്കല്‍, മോൺസൺ മാവുങ്കലിന് പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധം, കൊവിഡ് മരണ റിപ്പോര്‍ട്ട് തുടങ്ങിയ വിഷയങ്ങള്‍ കത്തി നില്‍ക്കുമ്പോഴാണ് സഭാസമ്മേളനം നടക്കുന്നത്. സ്ത്രീ സുരക്ഷ അടക്കമുള്ള വിഷയങ്ങളും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തികള്‍ അദാനി ഗ്രൂപ്പ് വൈകിപ്പിക്കുന്നതും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നതിലെ അപാകതയും ചര്‍ച്ചയായേക്കും. എന്നാല്‍ മാവുങ്കലുമായുള്ള കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍റെ ബന്ധം പ്രതിപക്ഷത്തെ പ്രതിരോധത്തില്‍ ആക്കുന്നുണ്ട്. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ആയുധമാക്കിയാകും ഭരണപക്ഷം പ്രതിപക്ഷാരോപണങ്ങളുടെ മുനയൊടിക്കുകയെന്നുമാണ് വിലയിരുത്തല്‍.
ഒക്ടോബർ 4 മുതൽ നവംബർ 12 വരെ 24 ദിവസമാണ് സമ്മേളനം. 2021-22 സാമ്പത്തിക വർഷത്തെ അനുബന്ധ ധനകാര്യ പ്രസ്താവനയും ചർച്ചയ്ക്ക് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പീക്കർ എം ബി രാജേഷ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
'ഇ-അസംബ്ലി' പദ്ധതിയുടെ ഭാഗമായി നവംബർ 1 മുതൽ പേപ്പർ രഹിതമായാണ് സഭാ സമ്മേളനം. കൊവിഡ് പശ്ചാത്തലത്തില്‍ വൈകിയ ബില്ലുകള്‍ പാസാക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കായാണ് സഭ അടിയന്തര പ്രാധാന്യത്തോടെ കൂടുന്നത്.
ചര്‍ച്ചക്കെത്തുന്ന ബില്ലുകള്‍
കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബിൽ 2021, കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ, 2021, കേരള നഗര, ഗ്രാമീണ ആസൂത്രണം (ഭേദഗതി) ബിൽ, 2021, കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ, 2021, കേരള സംസ്ഥാന ചരക്ക് സേവന നികുതി 2021 (ഭേദഗതി) ബില്‍ എന്നിവ കേരള ജനറൽ സെയിൽസ് ടാക്സ് (ഭേദഗതി) ബില്‍ 2021 എന്നിവ ആദ്യ രണ്ട് ദിവസങ്ങളില്‍ പാസാകും.
കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ബില്‍ സെഷനിൽ അവതരിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. നിയമസഭാസന്ദർശക ഗാലറിയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതും കൊവിഡ് അണുബാധകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായതിനാൽ പരിഗണനയിലാണെന്ന് നേരത്തേ സ്പീക്കർ അറിയിച്ചിരുന്നു.
കൂടുതല്‍ വായനക്ക്: ETV BHARAT IMPACT: സകർമ തിരിമറിയിൽ നടപടിയുമായി ഗ്രാമവികസന വകുപ്പ്