തിരുവനന്തപുരം : കേന്ദ്ര ധനസഹായം സംബന്ധിച്ച് ബിജെപി സര്‍ക്കാരും എല്‍ഡിഎഫ് സര്‍ക്കാരും തമ്മിലുള്ള പൊരിഞ്ഞ പോര് തുടരുന്നതിനിടെ ഗുരുതര ആരോപണവുമായി സംസ്ഥാനം. കേരളത്തിന് 5 കേന്ദ്ര പദ്ധതികളിലൂടെ ലഭിക്കേണ്ട കുടിശ്ശിക തുക കേന്ദ്രം തടഞ്ഞുവച്ചെന്നാണ് പുതിയ ആരോപണം.
കേന്ദ്രാവിഷ്‌കൃത പദ്ധതികളായ സ്വച്‌ഛ് ഭാരത് മിഷന്‍, ആയുഷ്‌മാന്‍ ഭാരത്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, പ്രധാനമന്ത്രി ആവാസ് യോജന (അര്‍ബന്‍), പോഷണ്‍ അഭിയാന്‍ എന്നീ പദ്ധതികള്‍ക്കുള്ള കുടിശ്ശികയാണ് കേന്ദ്രം നിര്‍ത്തിവച്ചതായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ പദ്ധതികള്‍ പ്രകാരമുള്ള കേന്ദ്രങ്ങളിലും, ഗുണഭോക്തൃ നിര്‍മ്മിതികളിലും പ്രധാനമന്ത്രിയുടെ ചിത്രവും കേന്ദ്ര സര്‍ക്കാരിന്‍റെ എംബ്ലവും സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാനം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിഹിതം തടഞ്ഞതെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ആരോപണം.
ഈ 5 ഇനങ്ങളിലുള്‍പ്പടെ ഏകദേശം 5632 കോടി രൂപ ലഭിക്കാനുണ്ടെന്നാണ് സംസ്ഥാനത്തിന്‍റെ അവകാശവാദം. ഇതിനുപുറമെ മൂലധന നിക്ഷേപങ്ങള്‍ക്ക് സംസ്ഥാനത്തിനുള്ള പ്രത്യേക സഹായധനത്തിനുവേണ്ടി കേരളം സമര്‍പ്പിച്ച 2058 കോടി രൂപയുടെ അപേക്ഷയും ഇതേ കാരണം പറഞ്ഞ് നിഷേധിച്ചു. ഇത് പൂര്‍ണമായും വായ്‌പയായി സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന പണമാണ്. ആകെയുള്ള 2058 കോടി രൂപയില്‍ 1925 കോടി രൂപ വിഴിഞ്ഞം തുറമുഖ പദ്ധതിക്കും കെ-ഫോണിനും വേണ്ടിയുള്ളതാണ്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനുവേണ്ടിയുള്ള പണം പോലും കേന്ദ്രം സംസ്ഥാനത്തിന് നിഷേധിക്കുന്ന സാഹചര്യമാണെന്നും ആരോപണമുയരുന്നു.
നിലവില്‍ ജിഎസ്‌ടി അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം നല്‍കാതെ പിടിച്ചുവയ്ക്കുന്നതിന് പുറമെയാണ് വീണ്ടും കഴുത്തുഞെരിക്കുന്ന നിലപാടുമായി കേന്ദ്രം രംഗത്തുവന്നിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു. 5632 കോടി രൂപയുടെ തടഞ്ഞുവച്ച കുടിശ്ശികയില്‍ യുജിസി ഗ്രാന്‍റ് ഇനത്തില്‍ 750 കോടി രൂപയും, പ്രധാനമന്ത്രി നഗര ആവാസ് യോജന പ്രകാരം 700 കോടി രൂപയും, പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജന പ്രകാരം 123 കോടി രൂപയും, നെല്ലുസംഭരിച്ച വകയില്‍ 790 കോടി രൂപയും ഉള്‍പ്പെടുന്നതായി സംസ്‌ഥാനം ചൂണ്ടിക്കാട്ടുന്നു.
4 ലക്ഷം രൂപയുടെ ലൈഫ് ഭവന പദ്ധതിയില്‍ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പ്രകാരമുള്ള കേന്ദ്ര വിഹിതം വെറും 72000 രൂപയായിട്ടും പദ്ധതിയില്‍ പ്രധാനമന്ത്രിയുടെ പടവും കേന്ദ്രത്തിന്‍റെ എംബ്ലവും വയ്ക്കണമെന്ന് വാശിപിടിക്കുന്നത് അല്‍പത്തമാണെന്ന് തദ്ദേശ സ്വയംഭരണ ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് നേരത്തെ ആരോപിച്ചിരുന്നു. ലൈഫ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനം ഇതുവരെ 3,56,108 വീടുകള്‍ നിര്‍മ്മിച്ചപ്പോള്‍ 32,171 വീടുകള്‍ക്ക് മാത്രമാണ് പിഎംഎവൈ ഗ്രാമീണ്‍ സഹായം ലഭിച്ചത്. 79,860 വീടുകള്‍ക്ക് പിഎംഎവൈ അര്‍ബന്‍റെ സഹായവും ലഭിച്ചു. പിഎംഎവൈ ഗ്രാമീണ്‍ പദ്ധതിയില്‍ കേന്ദ്ര സഹായം 72000 രൂപയും, പിഎംഎവൈ അര്‍ബനില്‍ 1,50,000 രൂപയുമാണ്.
Also Read: നവകേരള സദസ് സ്പെഷ്യൽ ബസിനായി ഒരു കോടി ; ട്രഷറി നിയന്ത്രണം മറികടന്ന് പണം അനുവദിച്ച് സർക്കാർ ഉത്തരവ്
ലൈഫ് മിഷനുവേണ്ടി ഇതിനോടകം 13,736 കോടി രൂപയാണ് സംസ്ഥാനം ചെലവിട്ടത്. കേന്ദ്രം നല്‍കിയത് 14.73 ശതമാനം കേന്ദ്ര വിഹിതമായ 2024 കോടി രൂപ മാത്രമാണ്. കേരളമൊഴികെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും സര്‍ക്കാര്‍ ഭവന പദ്ധതിക്ക് 4 ലക്ഷം രൂപ അനുവദിക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നു. കൂടാതെ ലൈഫ് പദ്ധതി നടപ്പാക്കാനെടുത്ത വായ്‌പയെ സര്‍ക്കാരിന്‍റെ വായ്‌പാപരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന പുതിയ ഭീഷണിയും കേന്ദ്രം സംസ്ഥാനത്തിനുമേല്‍ ഉയര്‍ത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നു.